HOME

ഡി വൈ എഫ് ഐ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ജനുവരി എട്ടു മുതല്‍ പതിനൊന്നു വരെ തിരുവനന്തപുരത്ത് നടക്കും. ഇരുപത്തി അഞ്ചു വര്‍ഷത്തിനു ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനനഗരി വേദിയാകുന്നത്‌.


കൂടുതല്‍ കരുത്തോടെ സമ്മേളനത്തിലേക്ക്

ടി വി രാജേഷ്‌


സമ്മേളനം


Font Problems ? - Click Here

സെക്കുലര്‍ ചിത്രപ്രദര്‍ശനം


















സെക്കുലര്‍ ചിത്രപ്രദര്‍ശനം ബി എസ് രാജീവ് ഉദ് ഘാടനം ചെയ്തു

ഡീ വൈ എഫ് ഐ സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ച് അജയ് കലാ സാംസ്കാരിക വേദിയുടേയും - ഡീ വൈ എഫ് ഐ, സി പി റ്റി യൂ ണി റ്റി ന്റെയും സംയുക്താഭിമുഖ്യത്തില്‍ സെന്‍ട്രല്‍ പോളിടെക്നിക്ക് ജംഗ്ഷനില്‍ സെക്കുലര്‍ ചിത്രപ്രദര്‍ശനം നടന്നു. കേരള സര്‍വ്വ കലാശാലാ സിന്റി ക്കേ റ്റം ഗം ബി എസ് രാജീവ് ഉദ്ഘാടനം ചെയ്തു . വട്ടി യൂ ര്‍ ക്കാവ് സര്‍ വ്വീ സ് സഹകരണ ബാങ്ക് പ്രസിഡ ന്റ് വട്ടിയൂര്‍ക്കാവ് ജി തങ്കപ്പന്‍നായര്‍, സി പി എം നെട്ടയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി ബാലചന്ദ്രന്‍നായര്‍, ജില്ലാ സഹകരണ ബാങ്ക് ഡ യറക്ടര്‍ ജെ അരവിന്ദന്‍, സി വേലായുധന്‍നായര്‍, വട്ടിയൂര്ക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ പഴനിയാപിള്ള, എന്‍ എസ് സ്റ്റാലിന്‍, കെ വി മോഹനന്, നെട്ടയം മധു സംഘാടകസമിതി കണ്‍വീനര്‍ കെ ജി സൂരജ് എന്നിവര്‍ സംസാരിച്ചു .

സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍

75 അംഗസംസ്ഥാനകമ്മിറ്റി




കാസര്‍ഗോഡ്
വി വി രമേശന്‍
സാബു എബ്രഹാം
പി ദിവാകരന്‍
വി പി പി മുസ്തഫ

കണ്ണൂര്‍
സി സത്യപാലന്‍
കെ സന്തോഷ്
കെ സി മനോജ്
പി പി ദിവ്യ
എന്‍ അജിത്ത്കുമാര്‍
പി സന്തോഷ്

കോഴിക്കോട്
കെ കെ ദിനേശന്‍
പി എ മുഹമ്മദ് റിയാസ്
കെ എം രാധാകൃഷ്ണന്‍
കെ സുനില്‍
എം ഗിരീഷ്
കെ പി ഷീബ

വയനാട്
എം മധു
പി ആര്‍ ജയപ്രകാശ്
ടി ജെ ശാലിനി

മലപ്പുറം
പി സാജിത
വി പി അനില്‍കുമാര്‍
എം സ്വരാജ്
വി രമേശന്‍
വി പി റജീന
ടോം കെ തോമസ്

പാലക്കാട്
എസ് സുഭാഷ് ചന്ദ്രബോസ്
കെ ജയദേവന്‍
കെ രമാധരന്‍
എം കെ സുരേന്ദ്രന്‍
സായിരാധ

തൃശ്ശൂര്‍
ടി കെ വാസു
പി എസ് വിനയന്‍
വി എന്‍ സുര്‍ജിത്ത്
ഡിക്‌സണ്‍ കെ ജെ
സുമേഷ് സി
എം കെ കവിത

എറണാകുളം
വി എ സക്കീര്‍ഹുസൈന്‍
സി ബി ദേവദര്‍ശനന്‍
കെ എം റിയാദ്
വി വി പ്രവീണ്‍
പി വാസുദേവന്‍
ടി വി അനിത

കോട്ടയം
കെ ജയകൃഷ്ണന്‍
വി ജയപ്രകാശ്
കെ രാജേഷ്
വി ആര്‍ രാജേഷ്
അഡ്വ: ഷീജ എസ് രാജു

ഇടുക്കി
എന്‍ ആര്‍ ജയന്‍
സാബു എസ്
ജി ഗോപകൃഷ്ണന്‍
പി രാജാറാം

ആലപ്പുഴ
എച്ച് സലാം
വി വിനോദ്
ജി അജയകുമാര്‍
ബി അബിന്‍ഷാ
വി സോജകുമാര്‍

പത്തനംതിട്ട
എന്‍ സജികുമാര്‍
ഫ്രാന്‍സിസ് വി ആന്റണി
രമ്യാസുരേന്ദ്രന്‍

കൊല്ലം
എസ് ബിജൂ
എന്‍ സന്തോഷ്
ജി മുരളീധരന്‍
എം ബിജു
ഷൈലജ

തിരുവനന്തപുരം
കെ എസ് സുനില്‍കുമാര്‍
ഐ ബി സതീഷ്
വി അമ്പിളി
ജി വിനോദ്
ദീപക് എസ് പി
എസ് സഞ്ജയന്‍

സെന്റര്‍
എം ബി രാജേഷ്
ടി വി രാജേഷ്
എ എന്‍ ഷംസീര്‍
സിന്ധുജോയി

ക്ഷണിതാക്കള്‍
1. മുഹമ്മദ് മുസ്ലീംഖാന്‍ (ലക്ഷദ്വീപ്)
2.എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്
3.എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി

പാലക്കാട് നിന്നും ഒരാളെ പിന്നീട് കോപ്റ്റ് ചെയ്യും.







പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് സന്നദ്ധമാകുക.

മനുഷ്യരാശിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണിന്ന് കാലാവസ്ഥാവ്യതിയാനം. ഇത് സംബന്ധിച്ച് കോപ്പണ്‍ ഹേഗില്‍ നടന്ന ഉച്ചക്കോടി നിയമപരമായി സാദ്ധ്യതയുള്ളകരാറിലെത്താതെ അവസാനിച്ചതിന്റെ ഉത്തരവാദിത്തം അമേരിക്കന്‍ നേതൃത്വത്തിലുള്ള വികസിതരാഷട്രങ്ങള്‍ക്കാണ്. ഇത് മാനവരാശിയ്ക്ക് സമ്മാനിക്കുന്നത് കടുത്ത ആശങ്കയും. 2005 ലെ ക്യോട്ടോ ഉടമ്പടി വികസിതരാഷ്ട്രങ്ങള്‍ 2020 ആകുമ്പോഴേക്കും കാര്‍ബണ്‍ഡൈഓക്‌സയിഡ് ബഹിര്‍ഗമനതോത് 25 മുതല്‍ 40 ഡിഗ്രി വരേയും 2050 ല്‍ 80-90 % വരെയും കുറക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 2007 ലെ ബാലി ഉച്ചകോടിയും വികസ്വര അവികസിത രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വികസിതരാഷ്ട്രങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം വ്യക്തമാക്കിയിരുന്നതാണ്.
ലോകജനസംഖ്യയുടെ 17% വരുന്ന വികസിതരാഷ്ട്രങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമനതോത് 74% ആണ്. 5 % ജനസംഖ്യയുള്ള അമേരിക്ക പുറന്തള്ളുന്നത് 30% കാര്‍ബണാണ് ഈ വസ്തുത അവഗണിച്ചുകൊണ്ടാണ് ഹരിതഗൃഹവാതകതോത് കുറക്കുന്നതില്‍ വികസിതരാഷ്ട്രങ്ങള്‍ക്കുതുല്യമായ ഉത്തരവദിത്തം വികസ്വര-അവികസിത രാഷ്ട്രങ്ങള്‍ക്കുണ്ടെന്ന് അമേരിക്കന്‍ നേതൃത്വത്തില്‍ വാദമുയരുന്നത്.
ചുട്ടുപൊള്ളുന്ന ഭൂമിയും അനിശ്ചിതത്വത്തിലാവുന്ന മനുഷ്യജീവിതങ്ങളുമാണ് ഇതിന്റെ പരിണിതി. അതിശൈത്യവും സൂര്യാഘാതവും മുഖേനെയുള്ള ജീവനാശങ്ങള്‍ ഇന്ന് അസാധാരണമല്ല. കടല്‍ നിരപ്പുയര്‍ന്ന ഭൂഭാഗങ്ങള്‍ കടലിനടിയിലാവുമെന്ന് ശാസ്ത്രജ്ഞര്‍ നല്കുന്ന മുന്നറിയിപ്പ് നമ്മുടെ മുന്നിലുണ്ട്. തെക്കന്‍ ഏഷ്യ, ആഫ്രിക്കയിലെ അവികസിതരാഷ്ട്രങ്ങള്‍, തുടങ്ങിയയിടങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന പ്രത്യാഘാതം ഏറ്റവും ഗുരുതരമായിരിക്കും. അതുകൊണ്ടാണ് കാലാവസ്ഥാവിഷയത്തിലെ ഏറ്റവും മോശപ്പെട്ട രേഖയായി കോപ്പന്‍ ഹേഗന്‍ പ്രഖ്യാപനത്തെ ദരിദ്രരാജ്യങ്ങളുടെ കൂട്ടായ്മയായ ജി 77 ന് നേതൃത്വം നല്കുന്ന സുഡാന്‍ വിശദീകരിച്ചത്. സാമ്രാജ്യത്വത്തിന്റെ സഹജമായ മൂലധനാര്‍ത്തിയാണ് ഇവയെ നശിപ്പിക്കുന്ന അമേരിക്കന്‍ ധിക്കാരത്തിന്റെ പിന്നിലുള്ളത്. ലാഭകൊതിയല്ലാതെ മറ്റൊന്നും തങ്ങളുടെ പരിഗണനയിലില്ലെന്ന് സാമ്രാജ്യത്വം നിര്‍ദ്ദയം തെളിയ്ക്കുകയാണ്. ഈ സമീപനത്തിന് വഴങ്ങിക്കൊടുക്കുന്ന സമീപനമാണ് ഇന്ത്യഗവണ്‍മെന്റ് സ്വീകരിച്ചത്. മാനവരാശിയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യയുടെ താത്പര്യങ്ങളുടെ സംരക്ഷണവും വിസ്മരിച്ചു. സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുക എന്ന പതിവുസമീപനം സ്വീകരിച്ച കോണ്‍ഗ്രസ് നേതൃത്വം ഇന്ത്യന്‍ ജനതയെ മാത്രമല്ല മാനവരാശിയേയും ദ്രോഹിക്കുന്നതിന് കൂട്ടുനില്ക്കുന്നവരായി മാറി. കാര്‍ബണ്‍ഡൈഓക്‌സൈഡ് ബഹിര്‍ഗമനതോത് സ്വയമേധയാ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ സമ്മതിച്ചുവെന്നുമാത്രമല്ല അതിന്റെ തോത് വിലയിരുത്താന്‍ നിരീക്ഷകരെ അനുവദിക്കുകകൂടി ചെയ്തു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളും ചേര്‍ന്നുസൃഷ്ടച്ച പ്രതിഷേധമാണ് 2010 ല്‍ നിയമസാദ്ധ്യതയുള്ള കരാറിന് രൂപം നല്കണമെന്ന വാഗ്ദാനനെങ്കിലും പ്രേരിപ്പിച്ചത്. അതുകൂടിയില്ലായിരുന്നുവെങ്കില്‍ സമ്പൂര്‍ണ്ണ പരാജയമായ ഉച്ചകോടിയായി കോപ്പണ്‍ ഹേഗ് ഉച്ചകോടി ചരിത്രത്തിലിടം നേടുമായിരുന്നു. കാര്‍ബണ്‍ പുറംന്തള്ളല്‍ സൃഷ്ടിക്കുന്ന കാലാവസ്ഥാവ്യതിയാനവും ഓസോണ്‍ പാളിയിലെ വിള്ളലും സൃഷ്ടിക്കുന്ന മാരകമായ വിപത്ത് തിരിച്ചറിയുവാനും സമൂഹത്തെ ബോധവല്ക്കരിക്കാനുമുള്ള ബാദ്ധ്യത യുവജനസമൂഹം ഏറ്റെടുക്കണം.
പരിസ്ഥിതിയ്ക്കും പ്രകൃതിവിഭവങ്ങള്‍ക്കും നേരിടുന്ന നാശം കേരളത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുന്നു. മലിനീകരണം, പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ചൂഷണം ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളുടെ വര്‍ദ്ധിച്ച ഉപയോഗം. പകര്‍ച്ചവ്യാധികളുടെ വ്യാപനം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍സൃഷ്ടിക്കുന്നു. പരിസ്ഥിതിവിഷയത്തില്‍ ശരിയും ശാസ്ത്രീയവുമായ കാഴ്ചപ്പാട് രൂപീകരിക്കാനും പ്രയോഗത്തില്‍വരുത്താനും യുവജനപ്രസ്ഥാനത്തിന് സാധിക്കണം.
പരസ്ഥിതിസാക്ഷരതയ്ക്കുവേണ്ടിയുള്ള വിപുലമായ ക്യാമ്പയിന്‍ ഏറ്റെടുക്കണം.
പരിസ്ഥിതി രാഷ്ട്രീയംസംബന്ധിച്ച് കൃത്യവും വ്യക്തവുമായ ധാരണയുണ്ടാവണമെന്നും ജീവന്റെ നിലനില്പ്പിനെബാധിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് സന്നദ്ധമാകണമെന്നും മുഴുവന്‍ ഘടകങ്ങളോടും പ്രവര്‍ത്തകരോടും പതിനൊന്നാം സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്യുന്നു. സംസ്ഥാനമലിനീകരണനിയന്ത്രണബോര്‍ഡ്, സമ്പൂര്‍ണ്ണശുചിത്തമിഷന്‍, പ്രാദേശികസര്‍ക്കാരുകള്‍ തുടങ്ങിയ ഔദ്യോഗികസംവിധാനങ്ങള്‍ തങ്ങളുടെ ചുമതലാനിര്‍വ്വഹണത്തിന് ഉപയോഗിക്കണം. ഇന്നത്തേതിനേക്കാള്‍ കാര്യക്ഷമമായി വനവല്‍ക്കരണം ഉള്‍പ്പെടെയുള്ള പരിസ്ഥിതിസംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്ന് പതിനൊന്നാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ വികസിതമുതലാളിത്ത രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന ജനവിരുദ്ധ നിലപാടുകളിലും സാമ്രാജ്യത്വനിലപാടുകളോട് സന്ധി ചെയ്യുന്ന യു പി എ സര്‍ക്കാരിന്റെ സമീപനത്തേയും ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം അപലപിക്കുന്നു.


മയ്യഴിയില്‍ തൊഴില്‍ നിയമനങ്ങള്‍ക്ക് പി എസ് സിപോലുള്ള സംവിധാനം ഏര്‍പ്പെടുത്തുക



പോണ്ടിച്ചേരിയുടെ ഭാഗമായ മയ്യഴിയിലെ യുവജനങ്ങള്‍ തൊഴില്‍രംഗത്ത് വലിയ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്. നിയമനങ്ങള്‍ക്ക് പി എസ് സിപോലുള്ള യാതൊരു സര്‍ക്കാര്‍ സംവിധാനവും ഇന്ന് പോണ്ടിച്ചേരിയില്‍ ഇല്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുണ്ടെങ്കിലും അവയും നോക്കുകുത്തികളാണ്. സര്‍ക്കാര്‍ മേഖലയില്‍ കേട്ടുകേള്‍വിയില്ലാത്ത നിലയില്‍ അനധികൃതനിയമനങ്ങള്‍ നിര്‍ബാധം തുടരുകയാണ്. 50 വയസുള്ളവരെപ്പോലും യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കുകയാണ്. ഹൈസ്‌കൂള്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്ക് ബി എഡ് യോഗ്യതയുള്ള നിരവധിപേര്‍ എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടും ബി എഡ് യോഗ്യത ഇല്ലാത്തവരെയാണ് നിയമിച്ചത്. രണ്ടുമാസംമുമ്പ് പ്രീപ്രൈമറി ടീച്ചര്‍മാരായി നിശ്ചിതയോഗ്യതയുള്ള അമ്പതോളംപേരെ മറികടന്ന് യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചത്. അതിനാല്‍ യുവാക്കള്‍ക്ക് യോഗ്യതയുടേയും കഴിവിന്റേയും അടിസ്ഥാനത്തില്‍ ജോലി ലഭിക്കുന്നതിനും പോണ്ടിച്ചേരിയിലാകെ തൊഴില്‍നിയമനത്തിന് പി എസ് സിപോലുള്ള സര്‍ക്കാര്‍ സംവിധാനം നിയമനത്തിന് ഏര്‍പ്പെടുത്തണമെന്നും ഡിവൈഎഫ്‌ഐ പതിനൊന്നാംസംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.


മാഫിയകളെ ഒറ്റപ്പെടുത്തി മണല്‍ ലഭ്യത ഉറപ്പാക്കുക



കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ മണല്‍ ലഭ്യത ഇന്ന് കേരളത്തിലെ നിര്‍മ്മാണമേഖലയിലെ ഒരു മുഖ്യപ്രശ്‌നമാണ്. ആവശ്യത്തിന് മണല്‍ ലഭിക്കുന്നില്ല എന്നത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലഭ്യമാകുന്ന മണലാകട്ടെ മണല്‍ മാഫിയകള്‍ വഴിമാത്രമേ ഉപഭോക്താവിന് ലഭ്യമാകൂ എന്നതിനാല്‍ വലിയ വില കൊടുക്കേണ്ടിയും വരുന്നു.
പുഴമണലും ക്രഷര്‍ മണലുമാണ് കെട്ടിടനിര്‍മ്മാണത്തിന് സാധാരണയായി കേരളത്തില്‍ ഉപയോഗിക്കുന്നത്. ഇവയുടെ ലഭ്യതക്കുറവ് വലിയ നിര്‍മ്മാണപദ്ധതികളെ അവതാളത്തിലാക്കുകയും സാധാരണക്കാര്‍ക്ക് വീടെന്ന സ്വപ്നത്തെ ചെലവേറിയതാക്കുകയും ചെയ്യുന്നു.
കേരളത്തിലെ വിവിധ ജില്ലകളില്‍ മണല്‍ലഭിക്കുന്ന വ്യത്യസ്ത രീതികളാണുള്ളത്. ഏത് രീതിയിലും ആധിപത്യം നേടാന്‍ കഴിയുംവിധത്തില്‍ മാഫിയകള്‍ ഈ മേഖലയില്‍ ശക്തമാണ്.. പലയിടത്തും ഉദ്യോഗസ്ഥ-മാഫിയ കൂട്ടുകെട്ട് ഈ മേഖലയിലെ അഴിമതിയേയും ഗുണ്ടായിസത്തേയും സ്ഥാപനവല്‍ക്കരിച്ചിരിക്കുകയാണ്.
ഇ എം എസ് ഭവനപദ്ധതിയില്‍ വീട് വെയ്ക്കാനിരിക്കുന്ന കേരളത്തിലെ സാധാരണക്കാര്‍ക്ക് മണലിന്റെ ലഭ്യതക്കുറവും വിലക്കയറ്റവും വലിയ ഇരുട്ടടിയായിരിക്കുകയാണ്. ആകെ ലഭിക്കുന്ന സംഖ്യയുടെ 30-40% മണലിനുവേണ്ടി ചെലവാക്കേണ്ട അവസ്ഥയാണ് അവര്‍ക്കുള്ളത്.

ഡല്‍ഹിയിലെ സ്വകാര്യനേഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക


ഡല്‍ഹിയില്‍ വിവിധ സ്വകാര്യആശുപത്രികളില്‍ വര്‍ഷങ്ങളായി ജോലിചെയ്തുവരുന്ന നേഴ്‌സുമാര്‍ അവരുടെ സേവന-വേതന വ്യവസ്ഥകള്‍ക്കായി തീഷ്ണമായ സമരത്തിലാണ്. ആകെ വരുന്ന സ്വകാര്യനേഴ്‌സുമാരില്‍ 85% മലയാളികളാണ്. ഡല്‍ഹിയില്‍ ഏകദേശം ആറുലക്ഷത്തോളം വരുന്ന മലയാളി നേഴ്‌സുമാരാണുള്ളത്. തൊഴില്‍പരമായ കടുത്ത ചൂഷണത്തിന് വിധേയരാവുന്ന ഇവര്‍ ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ ആഴ്ചകളായി സമരം തുടരുകയാണ്. കടുത്ത പീഡനം സഹിച്ച് ജോലിചെയ്യുന്ന ഇവരുടെ സ്ഥിതി പരിതാപകരമാണ്. 8 മണിക്കൂര്‍ ജോലി ചെയ്യുന്ന ഡല്‍ഹിയിലെ സര്‍ക്കാര്‍ നേഴ്‌സുമാര്‍ 3000040000 ശമ്പളം വാങ്ങുമ്പോള്‍ വിശ്രമരഹിതമായി ഒട്ടേറെ ക്ലേശങ്ങള്‍ സഹിച്ച് സമയപരിധിയില്ലാതെ ജോലിചെയ്യുന്ന സ്വകാര്യനഴ്‌സുമാര്‍ക്ക് കേവലം 3500-6200 മാത്രമാണ് ശമ്പളം ലഭിക്കുന്നത്. ഇവര്‍ക്ക് പി എഫ് അടക്കം മറ്റ് യാതൊരു ആനുകൂല്യങ്ങളുമില്ല. മെച്ചപ്പെട്ട താമസസൗകര്യങ്ങളില്ല. അവധിപോലും അനുവദിക്കില്ല. 3 വര്‍ഷം നിര്‍ബ്ബന്ധമായും ബോണ്ട്‌ചെയ്യേണ്ടിവരുന്നതിനാല്‍ വിദേശത്തടക്കം നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ പോകാനുമാവില്ല. അഥവാ ബോണ്ട് ബ്രേക്ക് ചെയ്യണമെങ്കില്‍ 50000 രൂപ അടക്കേണ്ട സ്ഥിതിവരുന്നു. എന്നാല്‍ ഡല്‍ഹിയിലെ ഭരണാധികാരികള്‍ ഈ സമരത്തിന് കണ്ടില്ലെന്നുനടിയ്ക്കുകയാണ്. സേവന-വേതനവ്യവസ്ഥകള്‍ അനുവദിച്ചുകിട്ടാന്‍ ഡല്‍ഹിയിലെ സ്വകാര്യനേഴ്‌സുമാര്‍ നടത്തുന്ന സമരത്തോട് ഡിവൈഎഫ്‌ഐ സംസ്ഥാനസമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സമരത്തിന് ആധാരമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് ഡിവൈഎഫ്‌ഐ പതിനൊന്നാംസംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

കേരളത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് സ്‌കൂളുകളായ ജി വി രാജയുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുക.



ദേശീയ നിലവാരത്തില്‍ ഒട്ടേറെ കായികപ്രതിഭകളെ സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ 1975 സ്ഥാപിതമായ ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഇന്ന് ഒട്ടനവധി പോരായ്മകളുടെ നടുവിലാണ്. സാധാരണസ്‌കൂളുകളുടെ നിലവാരത്തിന് അപ്പുറത്തേക്കുയരാന്‍ സ്‌കൂളിനുകഴിയുന്നില്ല. നിലവില്‍ 230 ആണ്‍കുട്ടികളും 150 പെണ്‍കുട്ടികളും പഠിക്കുന്നുണ്ട്. ഒരു വര്‍ഷം ഒരു കോടിയിലധികം രൂപ പരിശീലനങ്ങള്‍ക്കും പഠനത്തിനുമായി ചെലവഴിച്ചിട്ടും പോരായ്മകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല.
ആവശ്യങ്ങള്‍
1. ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം ആകുമെന്ന നിലയില്‍ 4 വര്‍ഷം മുമ്പ് പണി ആരംഭിച്ച സ്റ്റേഡിയം ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ നില്‍ക്കുന്നു. വളരെ ചെറിയ തുക കൂടി ചെലവാക്കിയാല്‍ ഇത് പൂര്‍ത്തികരിക്കാന്‍ കഴിയും. ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം ഇത് നടക്കാതിരിക്കുന്നു.
2) ദേശീയ ഗെയിംസിന്റെ ഒരു മത്സരം സ്‌കൂളിനു അനുവദിക്കണം.
3) സ്‌കൂളിന്റെ സ്‌പോര്‍ട്‌സ് വിഭാഗം ''സ്‌പോര്‍ട്‌സ് കൗണ്‍സിലിനു'' കൈമാറുക. എന്നാല്‍ മാത്രമേ. 'Technically-Qualified Coaches' നെ ലഭ്യമാകുകയുള്ളൂ. നിലവില്‍ രണ്ടോ-മൂന്നോ qucalified coaches മാത്രമേ ഉള്ളൂ.
സാധാരണ സ്‌കൂളിലെ ഡ്രില്‍ അധ്യാപകരാണ് ദേശീയ നിലവാരത്തില്‍ വളര്‍ത്തേണ്ട കായിക പ്രതിഭകള്‍ക്ക് പരിശീലനം നല്‍കുന്നത്.
5) സി എസ് ടി ക്കിന്റ നിലവാരം മെച്ചപ്പെടുത്തണം.
6) ഹോക്കി കോര്‍ട്ട്, വി എച്ച് എസ് ഇ ഹോസ്റ്റല്‍, മറ്റ് ക്വാര്‍ട്ടുകള്‍ എന്നിവ പണിയുന്നതിലേക്കായി സ്‌കൂളിനുസമീപമുള്ള നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൂടി സ്‌കൂളിനു ലഭിക്കുന്ന സ്ഥിതിയുണ്ടാക്കണം.
7) കുടിവെള്ളത്തിനായി പുതിയ കിണര്‍ പണിയണം.
കായിക പരിശീലനത്തിലും, പഠനനിലവാരം ഉയര്‍ത്തുന്നതിലും, താമസസൗകര്യത്തിലും നിലവിലുള്ള എല്ലാ കുറവുകളും പരിഹരിക്കാന്‍ അടിയന്തിരനടപടിയുണ്ടാവണമെന്ന് പതിനൊന്നാം സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ അവശ്യപ്പെടുന്നു.

വിദ്യാഭാസത്തിന്റെ മെറിറ്റും ഗുണമേന്മയും സാമൂഹ്യനീതിയും സംരക്ഷിക്കുന്ന കേരളസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ശക്തിപകരുക.



സേവനമേഖലയില്‍ യഥേഷ്ടമായ മൂലധനനിക്ഷേപത്തിന് അവസരം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നയം പിന്‍തുടര്‍ന്ന് വിദ്യാഭ്യാസകച്ചവടക്കാര്‍ക്കും, പിന്തിരിപ്പന്‍ ശക്തികള്‍ക്കും വിദ്യാഭ്യാസമേഖലയാകെ നിര്‍ബാധം തുറന്ന് കൊടുക്കുന്ന കാലഘട്ടമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് ഭരണകാലം. പണമില്ലാത്തവര്‍ പാഠശാലയില്‍ നിന്ന് പറിച്ചെറിയപ്പെട്ടപ്പോള്‍, രജനി.എസ്.ആനന്ദ് മുതല്‍ ഫാസില വരെ നിരവധി വിദ്യാര്‍ത്ഥികളുടെ ആത്മഹത്യക്ക് കേരളം സാക്ഷിയായി, മെറിറ്റ് അട്ടിമറിക്കപ്പെട്ടു, നിയന്ത്രണങ്ങളില്ലാത്ത സ്വയംഭരണകേന്ദ്രങ്ങളായി സ്വാശ്രയസ്ഥാപനങ്ങള്‍ മാറി. എസ്.എസ്.എല്‍.സി പരീക്ഷയുടേതുള്‍പ്പെടെ ചോദ്യപേപ്പറുകള്‍ തെരുവില്‍ വില്‍പ്പനച്ചരക്കായി മാറി, പൊതുവിദ്യാലയങ്ങള്‍ ലാഭകരമല്ലെന്ന് പറഞ്ഞ് അടച്ചുപൂട്ടി സ്വകാര്യകച്ചവടത്തിന് അവസരമൊരുക്കി, പ്രതിഷേധിച്ചവരെയൊക്കെ ക്രൂരമര്‍ദ്ദനത്തിന് വിധേയരാക്കി തെരുവില്‍ വേട്ടയാടി ജയിലിലടച്ചു. ഇതായിരുന്നു യു.ഡി.എഫ് ഭരണകാലത്തെ വിദ്യാഭ്യാസത്തിന്റെ നേര്‍ക്കാഴ്ച.
ലോകത്തിനാകെ മാതൃകയായ കേരളീയവിദ്യാഭ്യാസമേഖലയെ പുനഃക്രമീകരിക്കുക എന്ന വലിയ കടമ ഏറ്റെടുത്തുകൊണ്ടാണ് കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.തുടര്‍ന്ന് ദിശാബോധത്തോടെ വിദ്യാഭ്യാസമേഖലയില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് സാധിച്ചു. ഇതിന്റെ ആദ്യചുവടുവെപ്പായിരുന്നു സ്വാശ്രയനിയമം. അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമം അവതരിപ്പിക്കപ്പെട്ടു. പക്ഷേ, മതത്തിന്റെ മേലങ്കിയണിഞ്ഞ വിദ്യാഭ്യാസകച്ചവടക്കാരും കോടതിയും നിയമതത്തെ അട്ടിമറിച്ചു. കേരളത്തിലെ സര്‍ക്കാരിനെയും യൂണിേവഴ്‌സിറ്റികളെയും വെല്ലുവിളിച്ച് മെറിറ്റും സാമൂഹ്യനീതിയും കാറ്റില്‍പറത്തി പോകുന്ന സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സമഗ്രമായ കേന്ദ്രനിയമം മാത്രമാണ് പോംവഴി.
ഹയര്‍സെക്കന്ററി മേഖലയില്‍ അഡ്മിഷന്‍രംഗത്ത് നിലനിന്നിരുന്ന അരാജകത്വം പരിഹരിക്കുന്നതിനുള്ള ധീരമായ നിലപാടായിരുന്നു ഏകജാലകസംവിധാനം. കേരളീയസമൂഹത്തിന്റെവലിയ അംഗീകാരം നേടിയെടുക്കുന്നതിനും ഇതിലൂടെ വിദ്യാഭ്യാസവകുപ്പിന് സാധിച്ചു.
പൊതുപരീക്ഷകളില്‍ പരാജയത്തിന്റെ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങളെ ചിത്രീകരിച്ച് സ്വകാര്യസ്ഥാപനങ്ങളെയും വിദ്യാഭ്യാസകച്ചവടക്കാരെയും സഹായിക്കുന്നനിലപാടായിരുന്നു യുഡിഎഫ് സ്വീകരിച്ചതെങ്കില്‍, പൊതുവിദ്യാലയങ്ങളെ ജനകീയ ഇടപെടലുകളിലൂടെ കൈപിടിച്ചുയര്‍ത്തി നൂറ്‌മേനി വിജയത്തിലെത്തിക്കുന്നതിന് എല്‍ഡിഎഫ് ഗവണ്മെന്റ് നേതൃത്വം നല്‍കി. ഇതിന്റെ പ്രതിഫലനമായിരുന്നു കേരളത്തില്‍ പടിപടിയായി ഉയര്‍ന്ന് വന്ന എസ്എസ്എല്‍സി വിജയശതമാനം. പാഠ്യപദ്ധതി പരിഷ്‌കരണവും അദ്ധ്യാപകപരിശീലനവും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിച്ചു. പതിറ്റാണ്ടുകളായി തുടരുന്ന ഡിഗ്രിതല വിദ്യാഭ്യാസത്തിന്റെ പരിഷ്‌ക്കരണത്തിലൂടെ പുതിയ പാഠ്യപദ്ധതിക്കനുസരിച്ച് ഡിഗ്രികോഴ്‌സുകള്‍ പുനഃസംഘാടനം നടത്തുന്നതിന് നടപടി സ്വീകരിക്കുന്നതിന് ഗവണ്മെന്റിന് സാധിച്ചു.
എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റും ഹോസ്റ്റല്‍ അലവന്‍സും വര്‍ദ്ധിപ്പിച്ചതും സുതാര്യമായി ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാനാവശ്യമായ നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമാണ്.
ചരിത്ത്രില്‍ ആദ്യമായി എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വയനാട്ടില്‍ പി.കെ.കാളന്‍ മെമ്മോറിയല്‍ കോളേജ് സ്ഥാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ മത്സരാധിഷ്ഠിത കാലഘട്ടത്തില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കൊഴിഞ്ഞ് പോയി അവസരം നിഷേധിക്കപ്പെട്ട ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ അവകാശപ്പെട്ട 37 എംബിബിഎസ് സീറ്റുകളില്‍ പ്രവേശനം നല്‍കിയത് വിദ്യാഭ്യാസവകുപ്പിന്റെ ഏറ്റവും പുരോഗമനപരമായ നിലപാടായിരുന്നു.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ 9823 ഉം കോളേജുകളില്‍ 1008 ഉം പുതിയ നിയമനം നടത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചു.
ഇങ്ങനെ കേരളീയ വിദ്യാഭ്യാസത്തിന്റെ മെറിറ്റും സാമൂഹ്യനീതിയും ഗുണമേന്മയും സംരക്ഷിക്കാന്‍ ഒട്ടേറെ നടപടി സ്വീകരിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന കേരളത്തിലെ വിദ്യാഭ്യാസവകുപ്പിനെ പ്രതിലോമകാരികളും , വിദ്യാഭ്യാസക്കച്ചവടക്കാരും , മതസാമുദായിക പിന്തിരപ്പന്‍ ശക്തികളും , വലതുപക്ഷമാധ്യമങ്ങളും , യുഡിഎഫ് നൊപ്പം ചേര്‍ന്ന് സംഘടിതമായി അപകീര്‍ത്തിപ്പെടുത്തുന്നതിനും പൊതുസമൂഹത്തിന്റെ മുന്നില്‍ അവമതിപ്പ് വരുത്തുന്നതിനും ബോധപൂര്‍വ്വമായി ശ്രമിക്കുമ്പോള്‍ കേരളീയവിദ്യാഭ്യാസത്തിന്റെ പുരോഗമന ഉള്ളടക്കം നിലനിര്‍ത്താന്‍ എല്‍. ഡി.എഫ് സര്‍ക്കാരിനും വിദ്യാഭ്യാസവകുപ്പിനും കേരളത്തിലെ സമരയൗവ്വനത്തിന്റെ പതിനൊന്നാം സംസ്ഥാനസമ്മേളനം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.

ബദല്‍ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളെ മുഖ്യധാരാ വിദ്യാഭ്യാസസംവിധാനങ്ങളില്‍ പങ്കാളികളാക്കുക.


കേരളത്തിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളെ പ്രതിനിധാനം ചെയ്യുന്നമേഖലയാണ് ബദല്‍വിദ്യാഭ്യാസമേഖല. സംസ്ഥാനത്ത് 498 സ്‌കൂളുകളിലായി പഠനം നടത്തുന്ന ഈ മേഖലയിലെവിദ്യാര്‍ത്ഥികള്‍ കടുത്ത അവകാശലംഘനം നേരിടുകയാണ്.
കേരളം 100% സാക്ഷരത കൈവരിച്ചു എന്നുപറയുമ്പോഴും മുഖ്യധാരയില്‍നിന്നും അകന്നുകഴിയുന്ന ഒരുവിഭാഗംജനങ്ങള്‍ കേരളത്തിന്റെ വികസനപാതയിലെ കുതിപ്പും, കിതപ്പും അറിയാതെ 15-ാം നൂറ്റാണ്ടില്‍തന്നെകഴിയുകയാണ്. ലക്ഷക്കണക്കിന് ദുര്‍ബലവിഭാഗത്തിലെകുഞ്ഞുങ്ങള്‍ നിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ലംഘിക്കപ്പെട്ട് കടന്നുപോയി. എല്‍ എസ് എസ് പരീക്ഷകള്‍, ശാസ്ത്രമേളകള്‍ വിദ്യാരംഗം-കലാസാഹിത്യവേദികള്‍, കായികമത്സരങ്ങള്‍ എന്നീ കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കേണ്ടമേഖലയിലാണ് ഇവര്‍ വീണ്ടും പ്രാകൃതവല്‍ക്കരിക്കപ്പെടുന്നത്. ഈ പ്രൈമറി വിദ്യാഭ്യാസസ്ഥാപനങ്ങള്‍കേന്ദ്രസര്‍ക്കാരിന്റെ ''സര്‍വ്വശിക്ഷാ അഭിയാന്‍'' പദ്ധതിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനം- സമൂഹത്തിന്റെ പൊതുവളര്‍ച്ച എന്നതിരിച്ചറിവിലേക്ക് എത്തുന്നതിന്കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധപതിയണമെന്നും ഡിവൈഎഫ്‌ഐ 11-ാം സംസ്ഥാനസമ്മേളനംപ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
13000

നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍-റെയില്‍വേ ലൈന്‍ ഫണ്ട് അനുവദിക്കുക.



കൊച്ചി-ഹൈദരാബാദ്-ബാംഗ്ലൂര്‍ എന്നീ പ്രധാനപട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന നഞ്ചന്‍കോട് വയനാട് നിലമ്പൂര്‍ റയില്‍വേലൈന്‍ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്കും ബാംഗ്ലൂരിലേക്കും ഏറ്റവും ദൂരംകുറഞ്ഞ പാതയാണ്. ചരക്ക്ഗതാഗതത്തിനു ഈ പാത എളുപ്പമാണ്. മാത്രമല്ല പ്രധാനപ്പെട്ട ടൂറിസ്റ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. നഞ്ചന്‍കോട് നിന്നും നിലമ്പൂരിലേക്ക് 200 കി.മീ. പാതമാത്രമാണ് പണിയേണ്ടത്.. ഈ പ്രശ്‌നം മുന്‍നിര്‍ത്തി നിരവധിയായ പ്രക്ഷോഭസമരങ്ങള്‍ ഡിവൈഎഫ്‌ഐ നേതൃത്വം കൊടുത്തിട്ടുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി സര്‍വ്വേ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും സര്‍വ്വേറിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിനുമുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തു.
കഴിഞ്ഞ റയില്‍വേ ബഡ്ജറ്റ് ഈ പാതക്കുവേണ്ടി ഫണ്ട് മാറ്റിയിരുന്നില്ല. റയില്‍വെമന്ത്രി ഉള്‍പപെടെയുള്ള മന്ത്രിമാര്‍ക്ക് ഡിവൈഎഫ്‌ഐ ഇതുസംബന്ധിച്ച് നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ ഈ പാതക്കാവശ്യമായ നീക്കം നടത്തിയിരുന്നു.
അടിയന്തിരമായ കേന്ദ്രസര്‍ക്കാര്‍ ഈ പാതക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എന്‍എച്ച് 217-ലെ രാത്രികാല ഗതാഗത നിരോധനം പിന്‍വലിക്കുക



കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന രാത്രികാലഗതാഗതനിരോധനം അംഗീകരിക്കാവുന്നതല്ല. 2009 ആഗസ്റ്റ് ആദ്യവാര-കര്‍ണാടകചാമരാജനഗര്‍ ജില്ലാകലക്ടര്‍ ഒരു ഉത്തരവിലൂടെയാണ് നിരോധനം നടപ്പിലാക്കിയത്. ഈ നിരോധനത്തെ കര്‍ണാടക ഹൈക്കോടതി ശരിവെക്കുകയും ഗതാഗതനിരോധന0-കര്‍ശനമാക്കുകയും ചെയ്തു. മലബാറിലെ ഒട്ടുമിക്ക ജില്ലകളില്‍നിന്നും ബാംഗ്ലൂരിലേക്ക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന പ്രധാന പാതയാണ്. കര്‍ണാടക-തമിഴ്‌നാട് കേന്ദ്ര-സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ചരക്ക് ഗതാഗതം നടക്കുന്നതും ഈ പാതയിലൂടെയാണ്. വന്യജീവിസംരക്ഷണമെന്നപേരിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ നിരോധനത്തെ കേന്ദ്രമന്ത്രി ജയറാംരമേശ് ന്യായീകരിച്ചതോടുകൂടി മനസ്സിലാവുന്നത് വലിയ ഗൂഢാലോചനയായിരുന്നുവെന്നും. കാരണം ഒരു വര്‍ഷം മുമ്പ് കര്‍ണാടകയിലേക്കുള്ള മറ്റൊരു പ്രധാന ഗതാഗതമാര്‍ഗ്ഗവും തടസ്സപ്പെടുത്തിയിരുന്നു. ഈ ഗതാഗതനിരോധനവും നീക്കം ചെയ്യുന്നതിനായി കേരള കര്‍ണാടക ഗവണ്‍മെന്റുകള്‍ ഇടപെട്ടിരുന്നു. എന്നാല്‍ ഈ നിരോധനം പിന്‍വലിച്ചില്ലെന്നുമാത്രമല്ല കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്.
മലബാറിലെ ജില്ലകളില്‍നിന്നും ബാംഗ്ലൂരിലും മൈസൂരിലും വിദ്യാഭ്യാസത്തിനും ജോലിയാവശ്യാര്‍ത്ഥവും നിരന്തരം യാത്രചെയ്യുന്നവര്‍ പകരം പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്വകാര്യ ട്രാവല്‍ ഏജന്‍സികളുടെ താത്പര്യം സംരക്ഷിയ്ക്കുന്നതിനായി കേന്ദ്രറെയില്‍വെ സഹമന്ത്രി ഇ അഹമ്മദ് നേരിട്ടേ ഇടപെടുന്നതിനാല്‍ പ്രസ്തുതാവശ്യം പരിഗണിക്കാന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കര്‍ണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എന്‍ എച്ച് 217 ന്റെ രാത്രികാലഗതാഗത നിരോധനം പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പതിനൊന്നാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

ഗുണ്ട-മാഫിയസംഘങ്ങളെ അമര്‍ച്ച ചെയ്യുക



നമ്മുടെ സംസ്ഥാനത്ത് നാടിന്റെ സമാധാനാന്തരീക്ഷത്തിനും ജനങ്ങളുടെ സൈ്വര്യജീവിതത്തിനും വെല്ലുവിളിയായി ഗുണ്ടാ-മാഫിയാ-ക്രിമിനല്‍സംഘങ്ങള്‍ മാറിയിട്ടുണ്ട്. ക്രിമിനല്‍ വാസനകളുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാനും അവരെ ലഹരിയുടെ അടിമകളാക്കാനുമുള്ള വ്യവസ്ഥിതിയുടെ സഹജമായ സ്വാധീനം ഇന്നത്തെ സമൂഹത്തില്‍ പ്രകടമാണ്. ബ്ലേഡ്-മണല്‍-വ്യാജമദ്യ മാഫിയകള്‍ അവരുടെ നിക്ഷിപ്തതാല്പര്യം മുന്‍നിര്‍ത്തി ഗുണ്ടാപണികള്‍ക്കായി ചെറുപ്പക്കാരെ വലവീശിപ്പിടിക്കുവാനും, സ്വാധീനവലയത്തില്‍ നിര്‍ത്താനും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. സാമൂഹ്യജീവിതത്തിന് കടുത്ത ഭീഷണിയായി വളര്‍ന്നുവന്ന ഗുണ്ടാക്രിമിനല്‍ സംഘങ്ങളെ നിയമപരമായി കൈകാര്യം ചെയ്ത് അമര്‍ച്ച ചെയ്യുവാന്‍ സമീപകാലത്ത് കേരളസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ സമൂഹത്തിന്റെ നാനാമേഖലകളെയും സ്വാധീനിക്കാന്‍ കഴിയുംവിധം ഗുണ്ടാമാഫിയാസംഘങ്ങള്‍ സാമൂഹ്യവിപത്തായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ഗുണ്ടാ-മാഫിയാസംഘങ്ങള്‍ക്കെതിരെ നിരന്തരമായ പോരാട്ടം നടത്തിക്കൊണ്ട് സാമൂഹ്യനന്മക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഡിവൈഎഫ്‌ഐ. എറണാകുളത്ത് ഉദയം പേരൂരില്‍ വീര്യമൃത്യൂ വരിച്ച സ: വിദ്യാധരന്റെ ധീരരക്തസാക്ഷിത്വം ഡിവൈഎഫ്‌ഐയുടെ ഗുണ്ടാ-മാഫിയാകള്‍ക്കെതിരായ പോരാട്ടത്തിന്റെ സാക്ഷ്യപത്രമാണ്. ഈ സമ്മേളനകാലയളവില്‍ കാസര്‍ഗോഡ് ജില്ലയില്‍ മഞ്ചേശ്വരം ഉപ്പളയില്‍ സ:അബ്ദുള്‍സത്താര്‍ ഹോങ്കാള്‍ എറണാകുളം ജില്ലയിലെ പറവൂരില്‍ സ: സി ആര്‍ രതീഷ് എന്നീ രണധീരന്മാരായ നമ്മുടെ പ്രിയസഖാക്കളും രക്തസാക്ഷിത്വം വരിച്ചത് ഗുണ്ടാമാഫിയാസംഘങ്ങള്‍ക്കെതിരായ പോരാട്ടത്തിനിടയിലാണ്. മാഫിയാ സംസ്‌കാരത്തിന്റെ സാമൂഹ്യവിരുദ്ധ പ്രവണതകള്‍ യുവതലമുറയിലേക്ക് സന്നിവേശിപ്പിക്കുന്ന ഇരുട്ടിന്റെ ശക്തികളായ ഗുണ്ടാ-മാഫിയാക്രിമിനല്‍ സംഘങ്ങള്‍ക്കെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങളും ചെറുത്തുനില്പും നാം തുടരേണ്ടതുണ്ട്. നമ്മുടെ സാമൂഹ്യമണ്ഡലത്തെ മലീമസപ്പെടുത്തുന്ന തിന്മയുടെ പ്രതീകങ്ങളായ ഗുണ്ടാമാഫിയാക്രിമിനല്‍ സംഘങ്ങളെ നിയമപരമായ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി അമര്‍ച്ച ചെയ്യുവാന്‍ ശ്രമിക്കുന്നതാടൊപ്പം, അവരെയാകെ ഒറ്റപ്പെടുത്തുവാനും കേരളീയ സമൂഹത്തില്‍ നിന്നും തൂത്തെറിയുവാനുമുള്ള ബഹുജനഐക്യനിരയില്‍ അണിനിരക്കുവാന്‍ ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യന്‍ വംശജര്‍ക്കെതിരായ ഓസ്‌ട്രേലിയന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുക



ഇന്ത്യക്കാര്‍ക്കെതിരെ ഏതാനും മാസങ്ങളായി ഓസ്‌ട്രേലിയയില്‍ നിരന്തരം വംശീയ ആക്രമണങ്ങള്‍ നടന്നുവരികയാണ്. വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒരാഴ്ചമുമ്പ് യാരാവില്ലിപാര്‍ക്കില്‍ ഇന്ത്യക്കാരനായ യുവാവ് കൊല്ലപ്പെട്ടിരുന്നു. മറ്റൊരു ഇന്ത്യക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഡിസംബര്‍ 29 ന് ന്യൂ സൗത്ത് വെയില്‍സില്‍ കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ മാസങ്ങളില്‍ പലതവണയായി പൊതുസ്ഥലങ്ങളില്‍വെച്ച് ഒട്ടേറെ ഇന്ത്യന്‍വംശജര്‍ ആക്രമിക്കപ്പെട്ടു. തുടര്‍ച്ചയായി നടന്നുവരുന്ന ഇത്തരം ഹീനമായ ആക്രമണപരമ്പരകളുടെ അവസാനത്തെ ഉദാഹരണമാണ് വടക്കുപടിഞ്ഞാറന്‍ മെല്‍ബണിലെ എസന്‍ഡോണില്‍ യുവാവായ ഇന്ത്യക്കാരനെതിരെ നടന്ന നീചമായ ആക്രമണം. എന്നാല്‍ ഈ ആക്രമണങ്ങളെ എല്ലാം ന്യായീകരിക്കുന്ന ഓസ്‌ട്രേലിയന്‍ അധികൃതരുടെ ഇന്ത്യാവിരുദ്ധ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഈ സംഭവങ്ങളില്‍ ഇടപെടാത്ത ഇന്ത്യന്‍ വിദേശകാര്യവകുപ്പിന്റെ കുറ്റകരമായ അലംഭാവം പ്രകടമാണ്. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ എംബസിയും ഫലപ്രദമായി ഇടപെടുന്നില്ല. അക്രമണങ്ങള്‍ക്കുപിന്നിലുള്ളവരെ പിടികൂടാന്‍ ഓസ്‌ട്രേലിയന്‍ ഭരണാധികാരികള്‍ നിലപാടുകള്‍ സ്വീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഡിവൈഎഫ്‌ഐ പതിനൊന്നാം കേരളസംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള നീക്കം ചെറുക്കുക



കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഘട്ടംഘട്ടമായി തകര്‍ത്ത് സ്വകാര്യവിമാന സര്‍വ്വീസിനെ വഴിവിട്ട് സഹായിക്കുന്ന എയര്‍ ഇന്ത്യയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യതയാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ അധ്വാനിച്ച്, നാടിനും കുടുംബങ്ങള്‍ക്കു വേണ്ടി കഷ്ടപ്പെടുന്നവര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ പരമാവധി ദുരിതത്തിലാഴ്ത്തുന്ന വാര്‍ത്തകളാണ് കരിപ്പൂരില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. മിന്നല്‍പണിമുടക്ക് പോലെ മുന്‍കൂട്ടി അറിയിപ്പില്ലാതേയും പകരം സംവിധാനം ഏര്‍പ്പെടുത്താതെയും വിമാനസര്‍വ്വീസുകള്‍ നിരന്തരം റദ്ദുചെയ്യുന്ന എയര്‍ഇന്ത്യയുടെ സമീപനം തികച്ചും അന്യായമാണ്. തുടര്‍ച്ചയായ ഇത്തരം സമീപനം പലര്‍ക്കും ജോലി നഷ്ടമാവുന്ന സ്ഥിതികൂടി സൃഷ്ടിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 25 ന് 29 വിമാനസര്‍വ്വീസുകളാണ് റദ്ദു ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
യു.എ.ഇ, കുവൈറ്റ്, ബഹറിന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നും കൂടുതല്‍ സര്‍വ്വീസ് നടത്തുന്നത്. ബുക്കിംഗിന് ആദ്യഘട്ടത്തില്‍ 6000 രൂപ വാങ്ങിയ സ്ഥാനത്ത് 17000 രൂപ വരെയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. തെറ്റായ ഇത്തരം സമീപനങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധമുയര്‍ത്തിയ ഡിവൈഎഫ്‌ഐ യെ വെല്ലുവിളിക്കാനും സമരം ചെയ്തസഖാക്കളെ കള്ളക്കേസുകൊടുത്ത് ജയിലില്‍ ആക്കുവാനുമാണ് അധികൃതര്‍ തയ്യാറായത്. കടിഞ്ഞാണില്ലാത്ത നവലിബറല്‍ നയങ്ങളുടെ ഭാഗമായി പൊതുമേഖലയെ ധനമൂലധനവര്‍ഗ്ഗത്തിന് വച്ചുകൈമാറുന്ന നിലപാടുകളുടെ ഭാഗമായി തന്നെയാണ് ഈ വിഷയത്തെയും കാണേണ്ടത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും എയര്‍ഇന്ത്യ മലബാറിനോട് കാണിക്കുന്ന വിവേചനം നിര്‍ത്തണമെന്നും ഡിവൈഎഫ്‌ഐ 11-ാം കേരള സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക.



കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വില്പനനടത്തി സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്ര യു പി എ സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ 11-ാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.
ഒന്നാം പഞ്ചവത്സരപദ്ധതിയുടെ സന്ദര്‍ഭത്തില്‍ അഞ്ചുപൊതുമേഖലാസ്ഥാപനങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. 29 കോടിരൂപയായിരുന്നു അന്നത്തെ കേന്ദ്രനിക്ഷേപം. ഇപ്പോഴാകട്ടെ 7 ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെടെ 242 കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളാണുള്ളത്. 455409 കോടിരൂപയുടെ നിക്ഷേപവും.
ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ എണ്ണം 2004-05 ല്‍ 143 ആയിരുന്നത് 2007 -08 ആയപ്പോഴേക്കും 159 ആയി വര്‍ദ്ധിച്ചു. നഷ്ടമുണ്ടാകുന്നത് 2004 ല്‍ 73 ആയിരുന്നത് ഇപ്പോള്‍ 54 ആയി ചുരുങ്ങി. ലാഭത്തിന്റെ തോത് 8.92 ശതമാനത്തില്‍നിന്നും 15.38 ശതമാനമായി വര്‍ദ്ധിച്ചു. വിറ്റുവരവ് 1998-99 ല്‍ 6.35 ശതമാനമായിരുന്നത് 11.35 ശതമാനമായി വര്‍ദ്ധിച്ചു.
കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വില്പനനടത്തുകയും പുതിയതൊഴിലവസരത്തിനുള്ള സാദ്ധ്യത നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ്. എന്‍ ടി പി സി, ബി എച്ച് ഇ എല്‍ തുടങ്ങി അറുപതോളം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള യു പി എ സര്‍ക്കാരിന്റെ തീരുമാനം ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യവത്ക്കരണ നീക്കമാണ്.
ജനവിരുദ്ധമായ തീരുമാനങ്ങളിലൊന്നാണ്. ജനകീയ ഉടമസ്ഥതയാണ് ഓഹരിവില്പനയിലൂടെ ലക്ഷ്യമിടുന്നത് എന്ന വാദമാണ് സര്‍ക്കാരിന്റേത്. 51 % ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശമായിരിക്കുമെന്നും പറയുന്നു. പക്ഷെ ഇതുകുറയില്ലാ എന്നതിന് യാതൊരുറപ്പുമില്ല. സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനാണ് ഓഹരിവില്പന എന്നാണ് സര്‍ക്കാരിന്റെ വാദം. സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളായ എസ് എസ് എ, എന്‍ ആര്‍ എച്ച് എം തുടങ്ങിയ പദ്ധതികള്‍ക്ക് അനുവദിച്ച ഫണ്ടുപോലും വിനിയോഗിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഓഹരി വില്‌ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. പൊതുമേഖലാസ്ഥാപനങ്ങളുടെ മിച്ചധനവും, കരുതല്‍ധനവും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നവരത്‌ന-മിനിവരത്‌ന സ്ഥാപനങ്ങളെ സ്വകാര്യകുത്തകള്‍ക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നത്.
കേരളത്തില്‍ കാറ്റഗറി ഒന്ന് മിനി നവരത്‌നകമ്പനിയായ കൊച്ചി കപ്പല്‍ശാലയുടെ 10% ഓഹരികള്‍ വില്പനനടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. തന്ത്രപ്രധാനമായ പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റഴിക്കുകവഴി തൊഴില്‍രഹിതരുടെ തൊഴില്‍സ്വപ്നങ്ങള്‍പോലും തകര്‍ക്കുകയാണ്.
പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനും ലാഭത്തിലാക്കുന്നതിനും കേരളത്തിലെ ഇടതുപക്ഷജനാധിപത്യഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. വില്പന നടത്താതെ ഫലപ്രദമയ മാനേജുമെന്റിലൂടെ ലാഭത്തിലാക്കിയത് പൊതുമേഖലാസംരക്ഷണത്തിനുള്ള ബദല്‍ മാര്‍ഗമാണ്.
ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് മുമ്പ് ഓഹരിവില്പ്പന കാര്യമായി നടക്കാതെപോയത്. എന്നാല്‍ ഇപ്പോള്‍ യാതൊരുമറയും ഇല്ലാതെ ഓഹരിവില്പനനടത്താനും പൊതുമേഖലാസ്ഥാപനങ്ങളെ തകര്‍ക്കാനും നടത്തുന്ന കേന്ദ്ര-യു പി എ സര്‍ക്കാരിന്റെ നടപടിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാനസമ്മേളനം പ്രതിഷേധിക്കുന്നു.
പൊതുമേഖലാ സംരക്ഷണം ഉറപ്പുവരുത്താനും തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന നയങ്ങള്‍ തിരുത്താനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്നവിധം ശക്തമായ പ്രക്ഷോഭങ്ങളുയര്‍ത്തിക്കൊണ്ടുവരാന്‍ സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്യുന്നു.

മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക.


വിവധമതങ്ങളും ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ട സാമൂഹ്യഘടനയോടുകൂടിയ വര്‍ഗസമൂഹമാണ് ഇന്ത്യയുടെ സവിശേഷത. ജാതിപരവും മതപരവുമായ അസമത്വത്തിന്റെചരിത്രം നമ്മുടെ സമൂഹത്തില്‍ നിലനിന്നിട്ടുള്ളതാണ്. ഇന്ത്യന്‍സാഹചര്യത്തില്‍ സാമൂഹ്യനീതിയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ജാതി-മത വിവേചനം കേന്ദ്രബിന്ദുവാകുന്നത് അതുകൊണ്ടാണ്. ജാതി-മത വ്യവസ്ഥയുടെ പേരില്‍ എല്ലാരൂപങ്ങളിലുമുള്ള സാമൂഹ്യമായ വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ, അവ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുവേണ്ടി സമരം ചെയ്യുക എന്നത് ഏതൊരു ജനാധിപത്യപ്രസ്ഥാനത്തിന്റേയും കടമയാണ്.
ഈ പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ സംവരണത്തിനുള്ള വ്യവസ്ഥ ഭരണഘടനാപരമായി തന്നെ ഏര്‍പ്പാട് ചെയ്തിട്ടുള്ളത്. ജാതി-മത വ്യവസ്ഥയുടെയും നാടുവാഴിത്ത സമ്പ്രദായത്തിന്റെയും ഭാഗമായ ചട്ടങ്ങളുടെ പേരില്‍ പിന്നാക്കം തള്ളപ്പെട്ടവരും ദളിതരുമായവരുടെ ജീവിതപരിത:സ്ഥിതിയിലും സാമൂഹ്യപദവിയിലും മറ്റും സര്‍വതോമുഖമായ പുരോഗതിയുണ്ടാക്കുന്നതിനാണ് സംവരണം കൊണ്ട് ലക്ഷ്യം വെച്ചത്. ദളിതരടക്കമുള്ള, സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ട ജാതി-മത വിഭാഗങ്ങളില്‍ പെട്ടവരനുഭവിക്കുന്ന വിവേചനത്തിനെതിരായ സമരത്തിന്റെ ഒരു ഉപാധി എന്ന നിലയിലാണ് സംവരണത്തെ കണ്ടത്. ജാതീയവും മതപരവുമായ വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമായിട്ടുള്ള ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആശ്വാസവും സംരക്ഷണവും എന്നനിലയില്‍ അവര്‍ക്ക് നിലവിലുള്ള സംവരണ സമ്പ്രദായം ചിട്ടയോട് കൂടി തുടരണം എന്ന ആവശ്യം ഡിവൈഎഫ്‌ഐ ഉയര്‍ത്തിപ്പിടിക്കുന്നു.
എന്നാല്‍ അതേ അവസരത്തില്‍ തന്നെ മുന്നാക്കജാതിമത വിഭാഗങ്ങളില്‍പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ മൗലികപ്രശ്‌നം കാണാതെ പോകാന്‍ മുന്നാക്ക ജാതിയില്‍ ജനിച്ചുപോയി എന്ന കാരണത്താല്‍ മാത്രം ഉന്നതവിദ്യാഭ്യാസയോഗ്യതയും മറ്റുമുള്ള, എന്നാല്‍ സാമ്പത്തികമായ ആവശത അനുഭവിക്കുന്നവര്‍ ഒരു സാമൂഹ്യയാഥാര്‍ത്ഥ്യമാണ്.
സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനങ്ങളുടെ ഫലമായി മുന്നാക്ക ജാതി-മതവിഭാഗങ്ങളില്‍പെട്ട പലരും സാമ്പത്തികമായി പിന്നാക്കം തള്ളപ്പെട്ടു എന്നത് നഗ്നസത്യമാണ്. പ്രശ്‌നത്തിന്റെ അടിവേരുകള്‍ കിടക്കുന്നത് ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിലാണ്. സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരത്തില്‍ ഈ വിഭാഗത്തിന്റെ പ്രശ്‌നങ്ങളെയും പരിഗണിക്കേണ്ടതാണ്.
സാമൂഹ്യനീതിയുടെ ആ രാഷ്ട്രീയബോധത്തില്‍ നിന്നാണ് കേരളത്തിലെ ഇപ്പോഴത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയവിദ്യാഭ്യാസ നിയമത്തില്‍ മുന്നാക്കവിഭാഗങ്ങളില്‍ പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം വരെ സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്തത്. തികച്ചും ശുഭോദര്‍ക്കമായ നടപടിയാണത്.
ആ മാതൃക പിന്തുടര്‍ന്നുകൊണ്ട് ദളിത് പിന്നാക്കവിഭാഗങ്ങളുടെ സംവരണക്വാട്ടയെ ബാധിക്കാത്തവിധത്തില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍-വിദ്യാഭ്യാസമേഖലകളില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ആവശ്യമായ ഭരണഘടനാഭേദഗതി ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകണമെന്ന് ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

ഉദ്യോഗസ്ഥനിയമനം പി എസ് സിയ്ക്ക് വിടുക


Justify Full
കേരളത്തിലെ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ തുടങ്ങി സര്‍ക്കാര്‍ ധനസഹായമുള്ള എല്ലാ പൊതുസ്ഥാപനങ്ങളിലേയും നിയമനം പി എസ് സിയ്ക്ക് വിടണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നു.
എയിഡഡ് സ്‌കൂളുകള്‍ കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍, കോടതികള്‍ ഉള്‍പ്പെടുയുള്ള പൊതുസ്ഥാപനങ്ങള്‍ ഇവയെല്ലാം സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിക്കുന്നവയാണെങ്കിലും ഇവിടങ്ങളിലെ നിയമനങ്ങള്‍ പി എസ് സിയ്ക്ക് വിട്ടുനല്കിയിട്ടില്ല. പലസ്ഥാപനങ്ങളിലേയും നിയമനരീതി ഇപ്പോഴും സുതാര്യവുമല്ല.
ഹൈക്കോടതിയിലെ ജീവനക്കാരേയും മുന്‍സിഫ് മജിസ്‌ട്രേറ്റ്മാരേയും നേരിട്ട് നിയമിക്കുന്നരീതിയാണ് തുടരുന്നത്. സംവരണംപോലും ഇവിടെ പാലിക്കപ്പെടുന്നില്ല. പി എസ് സിയെ മറികടന്നുള്ള പിന്‍വാതില്‍ നിയമനങ്ങളും കരാര്‍ നിയമനങ്ങളും അഭിലക്ഷണീയമല്ല. ഇത് ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരോടുള്ള കടുത്ത വഞ്ചനയാണ്.
കോടിക്കണക്കിന് പൊതുപണം ചിലവഴിക്കപ്പെടുന്ന എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും ലക്ഷങ്ങള്‍വാങ്ങി മെറിറ്റുപോലും പാലിക്കാതെ മാനേജുമെന്റുകള്‍തന്നെ നിയമനം നടത്തുന്നരീതി തുടരുകയാണ്. ഇക്കാര്യത്തില്‍ കച്ചവടതാത്പര്യമുള്ള മാനേജുമെന്റുകളുടേയും സമുദായസംഘടനകളുടേയും സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങുന്ന വലതുപക്ഷസര്‍ക്കാരുകളുടെ സമീപനത്തില്‍നിന്നും വ്യത്യസ്തമായ സമീപനം എല്‍ ഡി എഫ് സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി നിയമനങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ പി എസ് സി യുവജനസമൂഹത്തിന്റെ വിശ്വാസമാര്‍ജ്ജിച്ചിട്ടുണ്ട്. യു ഡി എഫ് അധികാരത്തിലിരുന്നകാലത്തെ നിയമനനിരോധനം നീക്കി കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയ ഇടതുപക്ഷസര്‍ക്കാരിനെ അഭിനന്ദിക്കുമ്പോള്‍തന്നെ ഇടതുപക്ഷസര്‍ക്കാരില്‍നിന്നും യുവജനസമൂഹം ആഗ്രഹിക്കുന്നവിധത്തില്‍ എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍, കോടതികള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന ഏറെ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ നിയമനങ്ങള്‍ പി എസ് സി ക്കുവിടണമെന്ന് ഡിവൈഎഫ്‌ഐ പതിനൊന്നാംസമ്മേളനം ആവശ്യപ്പെടുന്നു.

പൊതുമേഖലയിലെ അടച്ചുപൂട്ടിയ വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ പുനരാരംഭിക്കുക.


കേന്ദ്രത്തില്‍ അധികാരം കൈയാളുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ പ്രതിരോധ വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയുണ്ടായി. 2008 ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നടപടി കൈക്കൊണ്ടത്. രാജ്യത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെയാകെ ഉലച്ച നടപടിയായിരുന്നു അത്.
പ്രതിവര്‍ഷം 20 ദശലക്ഷം കുഞ്ഞുങ്ങള്‍ നമ്മുടെ രാജ്യത്ത് ജനിക്കുന്നു എന്നാണ് കണക്ക്. ആരോഗ്യമുള്ള ഭാവി തലമുറയെ സൃഷ്ടിക്കുന്നതില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. കേരളത്തിന്റെ അനുഭവം ഇതിനുള്ള സാക്ഷ്യപത്രമാണ്. വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം തുടങ്ങിയ ആറ് മാരകരോഗങ്ങള്‍ക്കെതിരെ കുട്ടികളില്‍ സൗജന്യപ്രതിരോധകുത്തിവയ്പ് ഫലപ്രദമായി നടത്തുന്ന സംസ്ഥാനമാണ് കേരളം.
മുന്‍കാലങ്ങളിലെ കേന്ദ്രസര്‍ക്കാരുകളാകട്ടെ യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പദ്ധതി (യു ഐ പി)യും നടപ്പിലാക്കുകയുണ്ടായി. ഇതിനെയെല്ലാം അവതാളത്തിലാക്കുന്ന വിധത്തിലാണ് വാക്‌സിന്‍ ഉത്പാദന കമ്പനികള്‍ യു പി എ സര്‍ക്കാര്‍ അടച്ചു പൂട്ടിയത്. പൊതുമേഖലയിലെ ഈ കമ്പനികള്‍ പൂട്ടിയതോടെ, പ്രതിരോധമരുന്നുകള്‍ക്ക് സ്വകാര്യകമ്പനികളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു. ഇവിടെയാണ് കേന്ദ്രസര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ കച്ചവടക്കണ്ണ് വെളിപ്പെടുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിരോധവാക്‌സിനുകളുടെ വിപണിരംഗം കൈയടക്കിയിരിക്കുന്നത്, 2008 ല്‍ പൊതുമേഖലാ വാക്‌സിന്‍ നിര്‍മ്മാണകമ്പനികള്‍ അടച്ചുപൂട്ടുന്നതിന് ഉത്തരവിട്ട അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ മകന് പങ്കാളിത്തമുള്ള ബഹുരാഷ്ട്രക്കുത്തകകമ്പനിയാണ്.
പൊതുമേഖലാകമ്പനികള്‍ അടച്ചുപൂട്ടിയപ്പോള്‍ വാക്‌സിനുകള്‍ക്ക് കടുത്തക്ഷാമം അനുഭവപ്പെടുന്നു എന്നു മാത്രമല്ല വിലക്കയറ്റവും അനുഭവപ്പെടാന്‍ തുടങ്ങി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിരോധവാക്‌സിന്‍ കുത്തിവെയ്പ്പുകള്‍ അസാധ്യമാണെന്ന് വന്നിരിക്കുന്നു. ഇത് വളരെ ഗുരുതരമായ ആരോഗ്യ-സാമൂഹ്യ പ്രശ്‌നങ്ങള്‍ ഭാവിയില്‍ സൃഷ്ടിക്കും. ലോകാരോഗ്യസംഘടനയും മറ്റ് ഏജന്‍സികളും ആഹ്വാനം ചെയ്യുന്ന പോളിയോ നിര്‍മ്മാര്‍ജ്ജനപരിപാടി മുതലായവ ഭാവിയില്‍ കേവലം ചടങ്ങായി മാറും. രോഗം വരാതിരിക്കാനാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. എന്നാല്‍ ആ കാഴ്ചപ്പാടിനെ അവതാളത്തിലാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഫലത്തില്‍ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെക്കാള്‍ കുത്തകകളുടെ ലാഭം വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ താത്പര്യം കാട്ടുന്നത്.
ആരോഗ്യമുള്ള ഭാവിതലമുറ എന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാനായി, അടച്ചുപൂട്ടിയ പൊതുമേഖലാവാക്‌സിന്‍ നിര്‍മ്മാണക്കമ്പനികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് ഡിവൈഎഫ്‌ഐ പതിനൊന്നാം കേരളസംസ്ഥാനസമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

നവോത്ഥാനമൂല്യങ്ങള്‍ തിരിച്ചുപിടിക്കുക



പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സ്വാമിവിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. മനുഷ്യന് മനുഷ്യനെ സ്പര്‍ശിക്കാന്‍ പോലും കഴിയാതിരുന്ന കേരളീയ ജീവിതത്തെ ആധുനികജീവിതത്തിലേക്ക് ഉയര്‍ത്തിയത് സമരോത്സുകമായൊരു ചരിത്രത്തിലൂടെയാണ്. ഫ്യൂഡല്‍-സവര്‍ണമൂല്യബോധങ്ങള്‍ക്കെതിരെ നമ്മുടെ നവോത്ഥാനനായകര്‍ നടത്തിയ വൈവിധ്യങ്ങളായ ഇടപെടലുകളാണ് ലോകത്തിന് മുമ്പില്‍ നിവര്‍ന്ന് നില്കാന്‍ പാകത്തിലുള്ള പുരോഗമനവാഞ്ചയിലും യുക്തി ചിന്തയിലും അധിഷ്ഠിതമായ പൊതുബോധത്തെ സാധ്യമാക്കിയത്. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയ ആശയും ഉര്‍ജ്ജവും ഏറ്റുവാങ്ങിയ തൊഴിലാളി-കര്‍ഷകസമരങ്ങള്‍ ലോകത്തിന്റെ ഭൂപടത്തിന് മുകളില്‍ തിളക്കമാര്‍ന്ന ഒരു നക്ഷത്രമാക്കി കേരളത്തെ മാറ്റി. ഐക്യകേരളത്തിലെ ആദ്യകമ്യൂണിസ്റ്റ് ഗവണ്‍മെന്റ് നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങളാണ് നവോത്ഥാന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വഴിയൊരുക്കിയത്. സാമൂഹ്യജീവിത്തിനുമേല്‍ മതത്തിനും ജാതിക്കുമപ്പുറമുള്ള ആകാശം പണിതെടുത്തത് നമുക്ക് ഏറെ അഭിമാനിക്കുന്ന ഒന്നായിരുന്നു.
എന്നാല്‍, ഇന്ന് ആഗോളവത്ക്കരണത്തിന്റെ ബൗദ്ധികമണ്ഡലം നാം ആര്‍ജ്ജിച്ച സകല മൂല്യങ്ങളെയും തരിശാക്കിക്കൊണ്ടാണ് കുതിക്കുന്നത്. തന്നില്‍നിന്ന് സമൂഹത്തിലേക്ക് വികസിച്ച മനുഷ്യരെയത്രയും സ്വന്തം കാര്യത്തിലേക്ക് തിരിച്ചെത്തിക്കാനും സാമൂഹ്യനിരപേക്ഷവും യുക്തിരഹിതവുമായ ആള്‍ക്കൂട്ടങ്ങള്‍ മാത്രമായി ചുരുക്കാനുമാണ് സാംസ്‌കാരിക അധിനിവേശം ശ്രമിക്കുന്നത്. അരാഷ്ട്രീയതയാണ് അതിന്റെ മുദ്രാവാക്യം. രാഷ്ട്രീയത്തെ അവിശ്വസിക്കുതോടൊപ്പം ''ഈ നാട് നന്നാവില്ല'' എന്നൊരു പൊതുമുദ്രാവാക്യത്തിന് അനുയോജ്യമായ ആശയപ്രചരണങ്ങള്‍ വ്യാപകമായി സംഘടിപ്പിക്കപ്പെടുന്നു. വലതുപക്ഷമാധ്യമങ്ങള്‍ അത്തരമൊരു ധര്‍മ്മമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇടതുപക്ഷ പുരോഗമനശക്തികള്‍ക്കെതിരായ വാര്‍ത്തകളിലൂടെ മാത്രമല്ല ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ കെട്ടുറപ്പിന് സഹായകരമാകുന്ന സകലമൂല്യങ്ങളേയും പൊളിച്ചെഴുതിയാണ് ഇത് പ്രകടിപ്പിക്കുന്നത്. സാമൂഹ്യവൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ഭരണവര്‍ഗ്ഗവിരുദ്ധമായി മാറാതിരിക്കാനുള്ള ജാഗ്രതയാണ് മതവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നതിനുപിന്നില്‍. മതവത്ക്കരണം വ്യവസായമതമായി തീരുകയും മതംതന്നെ ചരക്കായി മാറുകയും ചെയ്യുന്നു. ആള്‍ദൈവങ്ങള്‍ അടക്കമുള്ള ആത്മീയവ്യവസായങ്ങള്‍ കൂണുപോലെ മുളച്ചു പൊന്തുകയാണ്. മതസാമൂദായികവത്ക്കരണം മതസമുദായിക പോലീസിനേയും സൃഷ്ടിക്കുന്നു. അതിന്റെ ഭാഗമായി ഭ്രഷ്ട്, ഊരുവിലക്ക്, തുടങ്ങിയ സമ്പ്രദായങ്ങള്‍ തിരിച്ചുകൊണ്ടുവരുന്നു. മിശ്രവിവാഹിതര്‍ക്കെതിരെയുള്ള മതസാമൂദായിക ശക്തികളുടെ ഇടപെടല്‍ നിസ്സാരമല്ല. ഒടുവില്‍ ലവ് ജിഹാദ് വരെ എത്തിയ അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ ആരോപണങ്ങള്‍ മിശ്രവിവാഹത്തിനെതിരെയുള്ള ഫാസിസ്റ്റ് തീവ്രവാദഅക്രമണം തന്നെയാണ്.
ഇത്തരമൊരു പശ്ചാത്തലത്തില്‍ പുരോഗമനയുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐയ്ക്ക് വര്‍ദ്ധിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടതായിട്ടുണ്ട്. നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനും ഫാസിസ്റ്റ് തീവ്രവാദആശയങ്ങള്‍ക്കുമെതിരായ പ്രചരണം നാം തവണ ഏറ്റെടുത്തിരുന്നു. രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം ഈശ്രേണിയിലെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റമായിരുന്നു. ഫാസിസത്തിന് ബദല്‍ ജനാധിപത്യമാണെന്നും, മതത്തിന് ഭീകരതയില്ല; ഭീകരതയ്ക്ക് മതവും എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് നാം നടത്തിയ പോരാട്ടങ്ങളും അംഗീകരിക്കപ്പെട്ടതാണ്.
സാമൂഹ്യജീവിതത്തിന്റെ സുരക്ഷിതത്വത്തിനും ചലനാത്മകതയ്ക്കുമുതകുംവിധം നാം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് വേണ്ടവിധം പ്രധാന്യം നല്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകാത്തസാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയിലെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിമാത്രമേ നമുക്ക് മുന്നോട്ടുപോകാനാവൂ. മതമൗലികവാദം, മതഭീകരത, ജാതിസ്പര്‍ദ്ദ, അന്ധവിശ്വാസങ്ങള്‍-അനാചാരങ്ങള്‍, അരാഷ്ട്രീയത, മാഫിയാവത്ക്കരണം, ആള്‍ദൈവങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാമെതിരെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വികേന്ദ്രീകൃതവും അതോടൊപ്പം നിരന്തരവുമായി സംഘടിപ്പിക്കണം. സാമൂഹ്യജീവിതത്തിന്റെ ബഹുസ്വരതയും മതേതരത്വവും ജനാധിപത്യപരവുമായ വീക്ഷണങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി നവോത്ഥാനമൂല്യങ്ങളില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട് ശക്തമായ പ്രചാരണപ്രക്ഷോഭ പരിപാടികള്‍ വിവിധ വിഭാഗങ്ങളില്‍ അണിനിരത്തി നിരന്തരമായി ഏറ്റെടുക്കാന്‍ ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.