ഡിവൈഎഫ്‌ഐ യുവജനസര്‍വ്വേ 2009-10

തൊഴിലും വികസനവും
ഡിവൈഎഫ്‌ഐ യുവജനസര്‍വ്വേ 2009-10
11-ാം സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച തൊഴില്‍രേഖയുടെ സംഗ്രഹം
പശ്ചാത്തലം
സമകാലികയുവത്വം നേരിടുന്ന ആശയപരവും താത്വികവും ഭൗതികവുമായ അവസ്ഥകളുടെ നേര്‍കാഴ്ചകളിലേക്ക് ഒരു അന്വേഷണം ആവശ്യമാണെന്ന ആശയം ഡിവൈഎഫ്‌ഐ അതിന്റെ വേദികളില്‍ വളരെ കാലമായി ചര്‍ച്ചചെയ്യുന്നു.
യുവജനങ്ങളുടെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്ക് അവയുടെ യാഥാര്‍ത്ഥ്യവും, അയഥാര്‍ത്ഥ്യവും വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിലൂടെ മാത്രമേ നിര്‍മ്മാണാത്മകവും സജീവവുമായ ഒരു മാറ്റം സാധ്യമാകു എന്ന തിരിച്ചറിവാണ് ഈ ഉദ്യമത്തിന് പിന്നിലുള്ളത്.
സമകാലിക കേരളത്തില്‍ യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും, അവര്‍ എങ്ങനെ ചിന്തിക്കുന്നു എന്നറിയാനും സംസ്ഥാനവ്യാപകമായി നടത്തിയ യുവജനസര്‍വ്വയുടെയും അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിന്റേയും ഭാഗമായി കണ്ടെത്തിയ വിവരങ്ങള്‍- വിശകലനങ്ങള്‍ ഈ രേഖയില്‍ പ്രതിപാദിക്കുന്നു.
പങ്കാളിത്തം
-ഗ്രാമ-നഗരവ്യത്യസമില്ലാതെ 15- 45 നും ഇടയില്‍ പ്രായമുള്ള 1450 യുവതീ-യുവാക്കള്‍ സര്‍വ്വേയില്‍ പങ്കെടുത്തു.
-പങ്കെടുത്ത 1450 പേരില്‍ 909 യുവാക്കള്‍, 541 യുവതികള്‍.
സര്‍വ്വയില്‍ പങ്കെടുത്തവരുടെ പ്രായഗണന
15-20 വയസ് പ്രായപരിധി-257, 21-30’’വയസ് പ്രായപരിധി-623
31-40 വയസ് പ്രായപരിധി-530, 41-45 വയസ് പ്രായപരിധി-10
സര്‍വ്വേയില്‍ പങ്കെടുത്തവരുടെ വിദ്യാഭ്യാസം
നിരക്ഷരര്‍-14, പ്രൈമറി 105, ഹൈസ്‌കൂള്‍ 606, പ്ലസ് ടൂ/ പ്രീഡിഗ്രി 409,
ഡിപ്ലോമ-54,ഡിഗ്രി -193, പി ജി -68, ഗവേഷണം 1
-100 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാമണ്ഡലത്തിലെ റെസ്‌പോണ്ടന്‍സിനെ നേരില്‍ കണ്ടാണ് വിവരം ശേഖരിച്ചത്.
കണ്ടെത്തലുകള്‍
-യുവജനം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഗൗരവപരമായ മാനം ഉണ്ട്.
-തൊഴിലില്ലായ്മ ഇപ്പോഴും പ്രഥമസ്ഥാനത്താണ്.
-സര്‍വ്വേയില്‍ പങ്കെടുത്ത 81% ആളുകള്‍ക്കും സ്ഥിരമായ തൊഴിലില്ല.
-19% പേര്‍ മാത്രമാണ് സുരക്ഷിതത്വവും സ്ഥിരവരുമാനവുമുള്ളതൊഴില്‍ ചെയ്യുന്നത്.
-40% പേര്‍ സര്‍ക്കാര്‍ ജോലി പ്രതീക്ഷിക്കുന്നവരും ആഗ്രഹിക്കുന്നവരുമാണ്.
-തൊഴിലില്ലായ്മക്കുകാരണം വിദ്യാഭ്യാസം നേടിയവരുടെ ദുരഭിമാനം എന്നുകരുതുന്നവര്‍ 24.96%
- തൊഴിലിന്റെ മാന്യതയെക്കുറിച്ചുള്ള ആശങ്ക എന്നുകരുതുന്നവര്‍ 20.03
-സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ആഗോളവത്ക്കരണത്തെ എതിര്‍ക്കുന്നു.
- പക്ഷെ 19% ആഗോളവത്ക്കരണത്തെ ഗൗരവപരമായി മനസ്സിലാക്കിയിട്ടില്ല.

-സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ജീവിതപങ്കാളിക്ക് അവരേക്കാള്‍ ഉയര്‍ന്ന വരുമാനം ആഗ്രഹിക്കുന്നു. ഇതുമൂലം കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാവില്ലായെന്ന് കരുതുകയും ചെയ്യുന്നു.
വികസനത്തിന്റെ കേരള മാതൃക
-വിദ്യാഭ്യാസവും തൊഴിലു വരുമാനവും തമ്മിലുള്ള ബന്ധംസ്വാഭാവികം
-വിദ്യാഭ്യാസനിലവാരം ഉയരുന്തോറും മെച്ചപ്പെട്ട തൊഴില്‍കിട്ടാനും നല്ലവരുമാനത്തിനുമുള്ള സാധ്യത ഏറുകയാണ്.
-നിരക്ഷരരും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരും വരുമാനം കുറഞ്ഞതും കായികാദ്ധ്വാനം കൂടുതല്‍ ആവശ്യമുള്ളതുമായ പണികള്‍ എടുക്കാന്‍ തയ്യാറാകുന്നതുകൊണ്ടാവാം അവര്‍ക്കിടയില്‍ തൊഴിലില്ലായ്മ കുറവാണ്.
എന്നാല്‍ 10-12 ക്ലാസ്സ് പാസായിക്കഴിഞ്ഞാല്‍ കായികാദ്ധ്വാനമുള്ള പണികളിലേക്ക് തിരിയാന്‍ നമ്മുടെ സാമൂഹ്യചുറ്റുപാടുകള്‍ അനുവദിക്കുന്നില്ല; അതേസമയം നേടിയ വിദ്യാഭ്യാസത്തിന് അനുയോജ്യമായ പണികള്‍ ആവശ്യത്തിന് ഉണ്ടാകുന്നുമില്ല.
-ഏതെങ്കിലും പ്രത്യേക മേഖലയില്‍ വൈദഗ്ധ്യം നേടിയാല്‍ തൊഴില്‍ കിട്ടാനുള്ള സാധ്യത കൂടുതലാണ്. ഇതിനാല്‍ എന്തും വിലകൊടുത്തും പ്രൊഫഷണല്‍ വിദ്യാഭ്യാസം കരസ്ഥമാക്കാനുള്ള മധ്യവര്‍ഗത്തിന്റെ നെട്ടോട്ടം വ്യാപകമാകുന്നു.
-ഏതെങ്കിലും തൊഴിലെടുക്കാനുള്ള പരിശീലനം വിദ്യാഭ്യാസത്തോടൊപ്പം ലഭിക്കുന്നില്ലായെന്നതാണ് തൊഴിലില്ലായ്മയുടെ കാരണം.
-ഇത് വ്യക്തമാക്കുന്നത് വിദ്യാഭ്യാസരീതിയുടെ അപാകതയും പരമ്പരാഗത തൊഴില്‍ അഭ്യസ്തവിദ്യരെകൂടി ആകര്‍ഷിക്കും വിധം പരിഷ്‌ക്കരിക്കേണ്ടതിന്റേയും ആവശ്യകതയാണ്.
-തൊഴില്‍-വരുമാനം അതിന്റെ പട്ടിക സര്‍വ്വേയില്‍ കൊടുത്തിട്ടുണ്ട്.
തൊഴില്‍ അന്വേഷണം: പ്രായവും തെരഞ്ഞെടുപ്പും
ഹയര്‍സെക്കണ്ടറി മുതല്‍ ഡിഗ്രി വരെയുള്ളവരുടെ അഭിപ്രായത്തില്‍ ആദ്യത്തെ ജോലി ലഭിക്കുന്നതിനുള്ള പ്രായപരിധി 20നും 28നും ഇടയിലാണ്.
തൊഴിലില്ലായ്മയുടെ തീവ്രത
-ഭൂരിപക്ഷവും കേരളത്തില്‍ രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുന്നില്ലായെന്ന് അഭിപ്രായപ്പെടുന്നു.
-26% പേര്‍ രൂക്ഷമാണെന്ന്
-38.88 % പേര്‍ അത്രരൂക്ഷമല്ല.
-21% പേര്‍ സമ്മിശ്രം.
കാര്‍ഷികവൃത്തി
-32% പേര്‍ മാന്യമായ വേതനം ലഭിക്കുന്ന തൊഴിലായി കണക്കാക്കുന്നില്ല.
-8.6% പേര്‍ സ്റ്റാറ്റസിന് യോജിച്ച പണിയായി കാണുന്നില്ല.
-മാന്യമായ വേതനവും അനുയോജ്യമായ സാഹചര്യവും ഉണ്ടായാല്‍ കാര്‍ഷികവൃത്തി പരിഗണിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് 50.51% പേര്‍ തയ്യാറാണെന്ന് പ്രതികരിച്ചു.
എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച്
42.60 ലക്ഷം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-തൊഴില്‍ ലഭ്യമാകുന്നതിന്് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് എത്രത്തോളം പര്യാപ്തമാണ് എന്ന ചോദ്യത്തിന് 48% പേര്‍ കുറച്ച് അവസരങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് അഭിപ്രായപ്പെട്ടു. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകളെകൊണ്ട് ഫലപ്രദമായഗുണം പ്രതീക്ഷിക്കുന്നത് 12% പേര്‍ മാത്രം.
തൊഴിലില്ലായ്മ വേതനം
-എംപ്ലോയിമെന്റില്‍ പേര് രജിസ്റ്റര്‍ചെയ്ത 10% പേര്‍ക്ക് തൊഴിലില്ലായ്മ വേതനം ലഭിക്കുന്നു.
- എന്നാല്‍ ലഭിക്കുന്നവരില്‍ 36.55% പേര്‍ വേതനം ഫലപ്രദമല്ല എന്ന അഭിപ്രായക്കാരാണ്.
-ഡിവൈഎഫ്‌ഐ 1980 കളില്‍ നടത്തിയ ചോരചൊരിഞ്ഞ പോരാട്ടത്തിലൂടെയാണ് തൊഴിലില്ലായ്മ വേതനം യാഥാര്‍ത്ഥ്യമായത്.
-നിലവില്‍ 140 രൂപ നല്കുന്നു.
-വേതനം വര്‍ദ്ധിപ്പിക്കണം-ജീവിതാവശ്യങ്ങള്‍ക്ക് കഴിയുംവിധം
- ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് കൃത്യവും ക്ലിപ്തവുമായിരിക്കണം. അനര്‍ഹരെ ഒഴിവാക്കണം. സ്ഥിരവരുമാനം ഉള്ളതോ ഇല്ലാത്തതോ ആയ തൊഴില്‍ ലഭിച്ചിട്ടുള്ളവരെ തൊഴിലില്ലായ്മാ വേതനത്തിന് പരിഗണിക്കരുത്.
-തൊഴിലില്ലായ്മ വേതനത്തിന് അര്‍ഹത നേടുന്ന കുറഞ്ഞ പ്രായം, കൂടിയപ്രായം എന്നിവ പുനര്‍നിശ്ചയിക്കണം.
തൊഴിലും സ്റ്റേറ്റും
-തൊഴില്‍ മൗലികാവകാശമാക്കണം. തൊഴില്‍ ഉറപ്പ് നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 29.32% പേര്‍ അഭിപ്രായപ്പെട്ടു. 9.12% പേര്‍ തൊഴില്‍ നല്‍കല്‍ സര്‍ക്കാരിന്റെ ബാധ്യതയല്ലായെന്ന് അഭിപ്രായപ്പെടുന്നു.
പൊതു/സംഘടിതമേഖല
-പൊതുമേഖലയിലും സ്വകാര്യമേഖലയും ചേര്‍ത്ത് കേരളത്തിലെ സംഘടിത മേഖലയില്‍ മൊത്തം 11.46 ലക്ഷംപേര്‍ തൊഴിലെടുക്കുന്നു.
-ഇന്ത്യയിലെ ആകെ സംഘടിതമേഖലയിലെ തൊഴിലിന്റെ 4.03% മാണിത്.
-കേരളത്തില്‍ സ്വകാര്യമേഖലയില്‍ 46.03% തൊഴില്‍ ഉള്ളപ്പോള്‍ ഇന്ത്യയില്‍ ഇത് 31.02% മാണ്.
-സംഘടിത മേഖലയിലെ തൊഴില്‍ 2001 മുതല്‍ കുറയുന്നു. 1999 ല്‍ സംഘടിതമേഖലയിലെ ആകെ തൊഴില്‍ പങ്കാളിത്തം 12.32 ലക്ഷമായിരുന്നത് 2008 ആകുമ്പോള്‍ 11.17 ലക്ഷം ആയി കുറഞ്ഞു.
- 2000 ത്തില്‍ കേരളത്തിലെ കേന്ദ്രഗവണ്‍മെന്റ് ഓഫീസുകളില്‍ 1.01 ലക്ഷം ജീവനക്കാരുണ്ടായിരുന്നത് 2007 ല്‍ 76000 ആയി കുറഞ്ഞു.
-സംസ്ഥാനസര്‍ക്കാര്‍ സര്‍വ്വീസില്‍ 2000-ല്‍ 2.92 ലക്ഷം പേര്‍ ഉണ്ടായിരുന്നത് 2006 ലേക്ക് 2.75 ലക്ഷമായി കുറഞ്ഞു. എന്നാല്‍ 2007-2009 കാലത്ത് പുതിയ 23000 തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടു.
- 2007 നുശേഷം സംസ്ഥാനസര്‍വീസില്‍ നേരിയ വര്‍ദ്ധനവാണെന്ന വസ്തുത ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
തൊഴില്‍രംഗവും യുവതികളും
-വിദ്യാഭ്യാസവും ലിംഗനീതിയും പരിഗണിക്കുമ്പോള്‍ വിദ്യാഭ്യാസനിലവാരത്തില്‍ കേരളത്തില്‍ സ്ത്രീപുരുഷ വ്യത്യാസങ്ങള്‍ കാര്യമായി ഇല്ല.
-മറ്റൊരു പ്രത്യേകത ബിരുദ-ബിരുദാനന്തര തലത്തില്‍ യുവതികളാണ് മുന്നില്‍; എന്നാല്‍ പ്രൊഫഷണല്‍ മേഖലയില്‍ സ്ത്രീകള്‍ പിന്നില്‍ തന്നെയാണ്.
-സര്‍വകലാശാല പഠനത്തില്‍ പെണ്‍കുട്ടികള്‍ നേടുന്ന മേല്‍ക്കൈ അവരുടെ തൊഴില്‍ പങ്കാളിത്തത്തില്‍ പ്രതിഫലിക്കുന്നില്ലയെന്നത് ശ്രദ്ധാപൂര്‍വ്വം പഠനവിഷയമാക്കണം.
-സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തെ സംബന്ധിച്ച കണക്ക് സൂചിപ്പിക്കുന്നത് അത് 15.09% മാത്രമേയുള്ളൂ എന്നതാണ്.
-സ്ത്രീകള്‍ കൂടുതലുള്ള മെച്ചപ്പെട്ട വരുമാനമുള്ള ഒരേ ഒരുമേഖല അധ്യാപനമേഖലയാണ്-66.9%
-സ്ത്രീകള്‍ കൂടുതല്‍ തൊഴിലിന് ആശ്രയിക്കുന്ന ചില മേഖലകളില്‍ വരുമാനം വളരെ കുറവാണ്.
-പല തൊഴിലുകളിലും സ്ത്രീകള്‍ തീരെയില്ല എന്നത് ലിംഗപരമായ തൊഴില്‍ വിഭജനത്തിന്റെ പരമ്പരാഗത സങ്കല്‍പ്പവുമായി ബന്ധപ്പെട്ടതാണ്.
-തുല്യജോലിക്ക് തുല്യവേതനമെന്നത് മുറവിളിയായി തന്നെ അവശേഷിക്കുന്നു എന്ന് സര്‍വ്വേവിവരങ്ങള്‍ കാണിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ഒഴികെ മറ്റൊരിടത്തും ഇത് പാലിക്കുന്നില്ല.
സമരപരിപാടിയിലെ പങ്കാളിത്തം
-രാഷ്ട്രീയ-പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജാഥ-സമരപ്രതിഷേധപരിപാടികള്‍ എന്നിവയില്‍ എത്രതവണ പങ്കെടുത്തിട്ടുണ്ട് എന്ന ചോദ്യത്തിന് ഒരിക്കലും പങ്കെടുത്തിട്ടില്ലായെന്ന് പറഞ്ഞവരുടെ എണ്ണം 41.4 ശതമാനമാണ്. എന്നാല്‍ 33 ശതമാനം പേര്‍ ജാഥ, സമരം, പ്രതിഷേധം എന്നിവയില്‍ പങ്കെടുക്കുന്നവരാണെന്നത് ഇന്നത്തെ അരാഷ്ട്രീയകുത്തൊഴുക്കില്‍ ആശാവഹമായ കാര്യമാണ്.
-സമരപരിപാടികളിലെ പങ്കാളിത്തം പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ 21 നും 40 നുമിടയില്‍ ഉള്ളവരുടെ പങ്കാളിത്തം വളരെ ഉയര്‍ന്നതാണ്. അതേസമയം 15 നും 20നുമിടയില്‍ പ്രായമുള്ളവര്‍ രാഷ്ട്രീയ പൊതുപ്രവര്‍ത്തനങ്ങളില്‍ അകന്നുനില്ക്കുന്നുവെന്നത് പുതിയ തലമുറയുടെ സാമൂഹ്യപ്രതിബന്ധതയെ കുറിച്ച് ആശങ്കയുളവാക്കുന്നു.
തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുളള ഉത്കണ്ഠകളും
യുവജനങ്ങളുടെ ജീവിതത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരമൊരു സാമൂഹ്യപരിസരം അവരെ അരാഷ്ട്രീയ-അരാജകപ്രവണതകളിലേക്ക് നയിക്കുന്നു. ചെറിയ ഒരു ന്യൂനപക്ഷമാകട്ടെ മതഭീകരവാദപ്രസ്ഥാനങ്ങളില്‍ ചെന്നുപെടുന്നു. ഇത്തരം പ്രതിലോമപ്രവണതകളെ അതിജീവിക്കാന്‍ ഉതകുംവിധത്തില്‍ യുവജനരാഷ്ട്രീയം നിര്‍മ്മാണാത്മകവും സര്‍ഗ്ഗാത്മകവുമായി തീരണം.


1 comment: