മഞ്ഞലോഹത്തിന്റെ മാസ്മരികവലയത്തില്‍ നിന്ന് പുറത്തുകടക്കുക



ലോകമാകെ പരിശോധിച്ചാല്‍ സ്വര്‍ണ്ണത്തോട് ഏറ്റവും ഭ്രമമുള്ള ഒരു സമൂഹമായി കേരളം മാറിയിരിക്കുന്നു. സാധാരണക്കാരന് വിവാഹങ്ങള്‍ ചെലവേറിയതാകാനുള്ള കാരണങ്ങളിലൊന്ന് സ്വര്‍ണ്ണത്തോടുള്ള അതിരുവിട്ട ഈ ആസക്തിയും സ്വര്‍ണ്ണവിലയിലുണ്ടായിക്കൊണ്ടിരിക്കുന്ന അടിക്കടിയുള്ള വിലക്കയറ്റവുമാണ്.
ലോകത്തെമ്പാടും സ്വര്‍ണ്ണം വലിത സാധ്യതയുള്ള ഒരു നിക്ഷേപവസ്തുവാണ്. സ്വര്‍ണ്ണത്തിന് വിലകയറുമ്പോള്‍ സമ്പന്നരായ ആളുകള്‍ അതില്‍ പണം നിക്ഷേപിക്കാന്‍ താല്പര്യം കാണിക്കുന്നു. സ്വര്‍ണ്ണക്കടകളിലെ വര്‍ദ്ധിച്ചുവരുന്ന തിരക്കിന്റെ ഒരു കാരണം ഇതാണ്. മറ്റൊരു കാരണം , പെണ്‍കുട്ടികള്‍ക്ക് വിവാഹസമയത്ത് കുറച്ചെങ്കിലും സ്വര്‍ണ്ണമില്ലാതെ പറ്റുകയില്ലെന്ന കേരളീയസമൂഹത്തിന്റെ പൊതുബോധമാണ്.
ഈ രണ്ട് ധാരണകളെയും സമര്‍ത്ഥമായി കമ്പോളം ഉപയോഗിക്കുമ്പോള്‍ ഒരുതരം അതിരവിട്ട ആസക്തിയായി അതുമാറുകയാണ്. ഒരു നിക്ഷേപം എന്ന നിലയിലല്ലാതെ, ഒരു ഉപഭോഗവസ്തു എന്ന നിലയിലുള്ള സ്വര്‍ണ്ണത്തോടുള്ള ഭ്രമം രോഗാതുരമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണ്.
പലപ്പോഴും സഞ്ചരിക്കുന്നസ്വര്‍ണ്ണക്കടകള്‍പോലെ നടന്നുപോകുന്ന പെണ്‍കുട്ടികള്‍, പ്രബൂദ്ധമെന്ന് അഭിമാനിക്കുന്ന കേരളത്തിലെ അശ്‌ളീലമായ കാഴ്ചകളിലൊന്നാണ്. സ്ത്രീകള്‍ മാത്രമല്ല; സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതും അത് പ്രദര്‍ശിപ്പിക്കുന്നതും തങ്ങളുടെ സാമൂഹ്യപദവി വര്‍ദ്ധിപ്പിക്കും എന്നു കരുതുന്ന പുരുഷന്മാരുടെ എണ്ണവും കൂടി വരികയാണ്.
സ്വര്‍ണ്ണം ധരിക്കുന്നത് ഒരുവിധത്തിലുമുള്ള ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. എന്നിട്ടും, റേഷന്‍കടകളും സ്‌കൂളുകളും പൂട്ടാവുന്നതാണ് എന്നു കരുതുന്ന ഒരു സമൂഹത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനകം ഏറ്റവും കൂടുതല്‍ ആരംഭിച്ചത് സ്വര്‍ണ്ണക്കടകളാണ്. ഇത് മഞ്ഞലോഹത്തിനോടുള്ള മലയാളിയുടെ ആസക്തിയുടെ തെളിവാണ്.
സ്വര്‍ണ്ണമുതലാളിമാരും മാധ്യമങ്ങളും വന്‍താരങ്ങളും പരസ്യകോലാഹങ്ങളും എല്ലാം ചേര്‍ന്ന് 'അക്ഷയതൃതീയ' പോലുള്ള യുക്തിരഹിതമായ ആചാരങ്ങളെപ്പോലും മലയാളിക്ക്് സ്വീകാര്യമാക്കിയിരിക്കുന്നു. കേരളം കൊണ്ടുനടക്കുന്ന വലിയ താരങ്ങളില്‍ സംസ്‌കാരത്തിന്റെയും ജീവിതമൂല്യങ്ങളുടെയും അമ്പാസിഡര്‍മാരാകേണ്ടതിനു പകരം സ്വര്‍ണ്ണക്കടകളുടെ അമ്പാസിഡര്‍മാരാകുന്ന കാഴ്ച അങ്ങേയറ്റം ദയനീയമാണ്.
ഈ കെണിയില്‍ നിന്ന് കേരളീയസമൂഹത്തിന് പുറത്തുകടന്നേ പറ്റൂ. അതിന് നിരന്തരമായ പ്രചരണവും ബോധവല്‍ക്കരണവും അത്യാവശ്യമാണ്. സ്വയം മാതൃക കാണിച്ച് അത്തരം പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും, സ്വര്‍ണ്ണവ്യാമോഹത്തിന്റെ മായികലോകത്തു നിന്ന് പുറത്തുകടക്കാന്‍ നമ്മുടെ സമൂഹത്തെ പ്രാപ്തമാക്കാനും മുന്നിട്ടിറങ്ങണമെന്ന് കേരളീയ യുവത്വത്തോടെ ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്യുന്നു.

No comments:

Post a Comment