അട്ടപ്പാടി പാക്കേജ് അനുവദിക്കുക



പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ ജപ്പാന്‍ സഹായത്തോടു കൂടി 210 കോടി രൂപയുടെ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി, 'അഹാര്‍ഡ്‌സ്'് എന്ന പേരില്‍ 1995 ല്‍ ആരംഭിച്ച പദ്ധതി അഞ്ച് വര്‍ഷത്തേക്കാണ് തീരുമാനിച്ചിരുന്നതെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അത് തുടര്‍ന്ന് പോവുകയാണുണ്ടായത്.
14 വര്‍ഷം കൊണ്ട് പരിസ്ഥിതിപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ അണിനിരത്താനും ജനകീയ ശക്തി ഉപയോഗിച്ച് കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ , പശ്ചാത്തലസൗകര്യമൊരുക്കല്‍, ആദിവാസി മേഖലയില്‍ സമ്പൂര്‍ണ്ണപാര്‍പ്പിട പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ അഹാര്‍ഡ്‌സിന് ഏറ്റെടുക്കാനായിട്ടുണ്ട്. അട്ടപ്പാടിയിലെ വനനശീകരണത്തെയും പരിസ്ഥിതിനാശത്തെയും നല്ലനിലയില്‍ പരിശോധിക്കാനും പച്ചപ്പ് വീണ്ടെടുക്കാനും അഹാര്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ 2010 മാര്‍ച്ച് 28 ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ്. ഒരു പദ്ധതി പെട്ടെന്ന് നിര്‍ത്തലാക്കുമ്പോള്‍ ഉണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. സൈലന്റ് വാലി ഉള്‍പ്പെടുന്ന അട്ടപ്പാടി മേഖലയുടെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുക്കേണ്ടതുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനുതകും വിധത്തില്‍ ഒരു 'അട്ടപ്പാടി പാക്കേജ്' പ്രഖ്യാപിക്കണമെന്നും നടപ്പിലാക്കണമെന്നും ഡി.വൈ.എഫ്.ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

No comments:

Post a Comment