വിലക്കയറ്റമുണ്ടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ അണിനിരക്കുക


ഡോ. മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നവലിബറല്‍ നയങ്ങളുടെ ഭാഗമായി രാജ്യത്ത് വിലക്കയറ്റം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം രാജ്യത്ത് ഏറ്റവും ഉയര്‍ന്നനിരക്കിലായിരിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 19.05 ശതമാനത്തിലെത്തിയിരിക്കുന്നു. അരിവിലയില്‍ 12.76 ശതമാനവും ഗോതമ്പിന് 12.6 ശതമാനവും പയറുവര്‍ഗ്ഗങ്ങള്‍ക്ക് 41.96 ശതമാനവും തുവരപരിപ്പിന് നൂറ് ശതമാനവും വിലയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പച്ചക്കറി ഇനങ്ങള്‍ക്ക് 31.03 ശതമാനം വിലയാണ് വര്‍ദ്ധിച്ചത്.
വിത്തിറക്കുന്നതിന് മുമ്പേ വിളകള്‍ പണംകൊടുത്ത് വാങ്ങാന്‍ കുത്തകകളെ അനുവദിക്കുകയും ആവശ്യവസ്തുക്കളില്‍പോലും അവധിവ്യാപാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റം വര്‍ദ്ധിപ്പിക്കുന്നത്. പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും വിലക്കയറ്റത്തിന്റെ അനുബന്ധകാരണങ്ങളാണ്.
2008 ഏപ്രിലിനും ജൂണിനുമിടയില്‍ 11,15, 237 കോടിയായിരുന്നു ഇന്ത്യയിലെ അവധിവ്യാപാരം. ഈ വര്‍ഷം ഇതേ കാലയളവില്‍ 15,64,115 കോടിരൂപയായി അവധിവ്യാപാരം ഉയരുകയായിരുന്നു. കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലകയറ്റമുണ്ടാക്കുന്ന നിലയുണ്ടാക്കുന്നു. അവധി വ്യാപാരത്തിന് ഏര്‍പ്പെടുത്തിയ സകലനിയന്ത്രണങ്ങളും എടുത്തുകളയുകയാണ്. ഊഹവ്യാപാരികള്‍ക്കും ഓഹരികമ്പോളത്തിനും ചൂതാടാനുള്ള മേഖലയായി ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും വിട്ടുകൊടുക്കുന്നു.
അവധിവ്യാപാരം അവസാനിപ്പിക്കണമെന്ന് ഇടതുപക്ഷം തുടര്‍ച്ചയായി ആവശ്യപ്പെടുന്നതാണ്. ഇക്കാര്യത്തില്‍ ദേശീയമാധ്യമങ്ങളും ചില സംസ്ഥാനസര്‍ക്കാരുകളും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടും അവധിവ്യാപാരം തുടരുന്ന സമീപനമാണ് യു പി എ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംഭരണവിതരണ കേന്ദ്രങ്ങള്‍ സ്വകാര്യകുത്തകകളെ ഏല്‍പ്പിക്കുന്നു.
കാര്‍ഷികമേഖലയെ അവഗണിക്കുന്നതിന്റെ ഫലമായി ഉല്പാദനം ഇടിഞ്ഞിരിക്കുന്നു. ഏറുന്ന ഭക്ഷ്യാവശ്യത്തിന് അനുസൃതമായി ഉല്പാദനം ഇല്ലാതായി. കാലവര്‍ഷത്തിന്റെ അനിശ്ചിതത്വവും വരള്‍ച്ചയും വെള്ളപൊക്കവും കൃഷിയെ ബാധിച്ചു. പെട്രോളിയം വില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞിട്ടും രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭ്യമാക്കിയില്ല. എന്നുമാത്രമല്ല യു പി എ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം വില വര്‍ദ്ധിക്കുകയും ചെയ്തു. കടത്തുകൂലി വര്‍ദ്ധനവ് അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമായി.
ഇന്റര്‍നാഷണല്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഹംഗര്‍ ഇന്‍ഡക്‌സ് പ്രകാരം 88 വികസ്വര-ദരിദ്രരാഷ്ട്രങ്ങളില്‍ 66-ാം സ്ഥാനത്താണ് ഇന്ത്യ. 80 ശതമാനം ഗ്രാമീണരും 64 ശതമാനം നഗരവാസികളും വിശപ്പടക്കാന്‍ നിവൃത്തിയില്ലാത്തവരാണ്. (11.80 രൂപകൊണ്ട് ഗ്രാമീണരും 17.80 രൂപ നഗരവാസിയും ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് കയറുന്നനിലയുണ്ടായിരിക്കുന്നു.)
6.52 കോടി കുടുംബങ്ങള്‍ക്കാണ് ബി പി എല്‍ കാര്‍ഡ് ഉള്ളത്. അത് 5.91 കോടിയായി കുറക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. ബിപിഎല്‍-എപിഎല്‍ വിഭജനമില്ലാതെ സാര്‍വത്രികമായി പൊതുവിതരണം നടത്തുന്നതിന് പകരം പൊതുവിതരണശൃംഖലയെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ദാരിദ്ര്യരേഖയുള്ള താഴെയുള്ള 24 കോടി കുടുംബങ്ങള്‍ക്ക് സബ്‌സിഡി നല്‍കാന്‍ 1,46,909 കോടി രൂപയാണ് വേണ്ടത്. 18 കോടി കുടുംബങ്ങള്‍ ദാരിദ്ര്യമനുഭവിക്കുന്നസന്ദര്‍ഭത്തിലാണ് 6 കോടിയാക്കി ബി പി എല്‍ കാര്‍ഡുകള്‍ പരിമിതപ്പെടുത്താനാണ് ശ്രമം.
സബ്‌സിഡിക്ക് പണം നീക്കിവെക്കാനോ പൊതുവിതരണശൃംഖല ശക്തിപ്പെടുത്താനോ ശ്രമം നടത്താത്ത കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റ് കുത്തകകള്‍ക്ക് നികുതി ഇളവുകളും ഒഴിവുകളും നല്‍കുന്നു. ദാരിദ്ര്യമനുഭവിക്കുന്നവരുടെ പ്രയാസങ്ങള്‍ കാണാന്‍ കേന്ദ്രസര്‍ക്കാരിനാവുന്നില്ല.
വിലക്കയറ്റത്തിന്റെ ദുരിതപര്‍വത്തില്‍ വിഷമമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കാനും വിലപിടിച്ചുനിര്‍ത്താനും കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ വലിയ ആശ്വാസത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. പൊതുവിതരണ ശൃംഖലശക്തിപ്പെടുത്തിയും സബ്‌സിഡി നല്കിയും. വിലക്കയറ്റം നിയന്ത്രണവിധേയമാക്കാന്‍ മാതൃകാപരമായ നിലയില്‍ പരിശ്രമം നടത്തുന്ന എല്‍ ഡി എഫ് സര്‍ക്കാരിനെ ഡിവൈഎഫ്‌ഐ സംസ്ഥാനസമ്മേളനം അഭിവാദ്യം ചെയ്യുന്നു.
അവശ്യസാധനങ്ങളില്‍ എല്ലാതരത്തിലുമുള്ള അവധിവ്യാപാരം നിരോധിക്കണമെന്നും പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തണമെന്നും എ പി എല്‍ വിഭാഗത്തിന് അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ വെട്ടികുറച്ചത് പുന:സ്ഥാപിക്കണമെന്നും, പെട്രോള്‍ ഡീസല്‍വില കുറക്കണമെന്നും ഡിവൈഎഫ്‌ഐ 11-ാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.
ഇതോടൊപ്പം വിലക്കയറ്റമുണ്ടാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ അണിനിരക്കാന്‍ മുഴുവന്‍ ബഹുജനങ്ങളോടും ഡിവൈഎഫ്‌ഐ 11-ാം സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്യുന്നു.

No comments:

Post a Comment