പെന്‍ഷന്‍പ്രായം ഉയര്‍ത്തരുത്



കേരളത്തില്‍ പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്നുയരുന്ന വാദഗതികള്‍ കേരളീയുവജനസമൂഹത്തിന്റെ ആശങ്ക ഗൗരവമായി കാണണമെന്ന് ഡിവൈഎഫ്‌ഐ 11-ാം സംസ്ഥാനസമ്മേളനം മുന്നറിയിപ്പ് നല്കുന്നു. പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കണമെന്നാവശ്യം കേരളത്തിന്റെ സവിശേഷ യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കാത്തതാണ്. കേരളത്തിലെ യുവാക്കളില്‍ 70% പേരും സ്ഥിരമായ തൊഴില്‍ ലഭിക്കാത്തവരാണ്. 19% യുവാക്കളാണ് സ്ഥിരം തൊഴില്‍ ചെയ്യുന്നവര്‍.
കേരളത്തിലെ ജനസംഖ്യയുടെ 3.1% മാത്രമാണ് സര്‍ക്കാര്‍ പൊതുമേഖലയില്‍ പണിയെടുക്കുന്നവര്‍. 30 വയസ്സിനുതാഴെയുള്ളവരും ഉന്നതവിദ്യാഭ്യാസം നേടിയവരും സര്‍ക്കാര്‍ തൊഴിലിലൂടെ സ്ഥിരവരുമാനവും പെന്‍ഷനിലൂടെ സാമൂഹ്യസുരക്ഷിതത്വവും ആഗ്രഹിക്കുന്നവരാണ് എന്ന യാഥാര്‍ത്ഥ്യത്തെ കാണാതിരിക്കാനാവില്ല. ഒരു ദശാബ്ദത്തിലധികമായി നിയമന നിരോധനം നിലനിന്നിരുന്ന കോളേജ് വിദ്യാഭ്യാസമേഖലയില്‍ കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കാനുള്ള ആലോചനകള്‍ വലിയ അസ്വസ്ഥതയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഉന്നതബിരുദം നേടിയവര്‍ വരുന്നകാലയളവില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കുള്ള നിയമനം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള നീക്കമുണ്ടാകുന്നത്.
തൊഴില്‍ രഹിതരുടെ സാദ്ധ്യതകള്‍ ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല. കേരളത്തില്‍ പെന്‍ഷന്‍ പ്രായമുയര്‍ത്താനുള്ള ഏതൊരുനീക്കവും കേരളത്തിലെ യുവജനസമൂഹത്തില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കുമെന്ന് സംസ്ഥാനസമ്മേളനം മുന്നറിയിപ്പുനല്കുന്നു.

No comments:

Post a Comment