ചരിത്രം നേര്‍രേഖയിലൂടെയല്ല സഞ്ചരിക്കുന്നതെന്നും സാമ്പത്തികമാന്ദ്യത്തിലകപ്പെട്ട മുതലാളിത്ത - സാമ്രാജ്യത്വ ശക്തികള്‍ സമൂഹത്തെ വരുതിയിലാക്കാന്‍ പുതിയവഴികള്‍ തേടുകയാണെന്നും പ്രമുഖചിന്തകനും ജനകീയ ശാസ്ത്രപ്രവര്‍ത്തകനുമായ പ്രബീര്‍ പുര്‍കായസ്ത പറഞ്ഞു. ഡി.വൈ.എഫ്.ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആകാശവും വായുവും വെള്ളവും റേഡിയോ തരംഗങ്ങളും അറിവുമെല്ലാം കൊള്ളയടിക്കപ്പെടുന്നു. ജനങ്ങളുടെ പൊതുസ്വത്തായ പ്രകൃതിവിഭവങ്ങളെ മുഴുവന്‍ വന്‍കിടവ്യവസായഗ്രൂപ്പുകള്‍ കൈപ്പിടിയിലാക്കുകയാണ്. പത്രത്താളുകളും ചാനലുകളും ഉള്‍പ്പെടെ കോര്‍പ്പറേറ്റുകള്‍ പണം കൊടുത്ത് വാങ്ങുകയാണ്.
ഇന്ത്യയടക്കമുള്ള മൂന്നാംലോകരാജ്യങ്ങളില്‍ മൂലധനശക്തികള്‍ ആധിപത്യമുറപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ലജ്ജം സാമ്രാജ്യത്വദാസ്യനയങ്ങള്‍ സ്വീകരിക്കുന്നു. രാജ്യത്ത് ദാരിദ്ര്യം വര്‍ദ്ധിക്കുമ്പോള്‍ മറുഭാഗത്ത് കോടികളുടെ അഴിമതിക്കഥകള്‍ പുറത്തുവരുന്നു.
യുവജനങ്ങളുടെ മുന്നില്‍ പുതിയ വെല്ലുവിളികളാണ്. സോഷ്യലിസത്തിനു വേണ്ടിയുള്ള പോരാട്ടം നാം കരുതിയതിനേക്കാള്‍ നീളും. എങ്കിലും എല്ലാവരെയും തുല്യരായി കാണുന്ന, എല്ലാവര്‍ക്കും മികച്ച ജീവിതാവസരം വാഗ്ദാനം ചെയ്യുന്ന ശാസ്ത്രീയസോഷ്യലിസത്തിന്റെ അടിത്തറ ഭദ്രമാണ്.
പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കേരളം. കേരളീയ യുവജനങ്ങളാണ് ഈ പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ നിലകൊണ്ടത്. രാജ്യത്തിന്റെ ബൗദ്ധിക, സാംസ്‌കാരിക മേഖലകളില്‍ ഇന്നും മുന്‍പന്തിയിലുള്ളത് കേരളമാണെന്നും പ്രബീര്‍ പുര്‍കായസ്ത പറഞ്ഞു.
No comments:
Post a Comment