പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് സന്നദ്ധമാകുക.

മനുഷ്യരാശിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണിന്ന് കാലാവസ്ഥാവ്യതിയാനം. ഇത് സംബന്ധിച്ച് കോപ്പണ്‍ ഹേഗില്‍ നടന്ന ഉച്ചക്കോടി നിയമപരമായി സാദ്ധ്യതയുള്ളകരാറിലെത്താതെ അവസാനിച്ചതിന്റെ ഉത്തരവാദിത്തം അമേരിക്കന്‍ നേതൃത്വത്തിലുള്ള വികസിതരാഷട്രങ്ങള്‍ക്കാണ്. ഇത് മാനവരാശിയ്ക്ക് സമ്മാനിക്കുന്നത് കടുത്ത ആശങ്കയും. 2005 ലെ ക്യോട്ടോ ഉടമ്പടി വികസിതരാഷ്ട്രങ്ങള്‍ 2020 ആകുമ്പോഴേക്കും കാര്‍ബണ്‍ഡൈഓക്‌സയിഡ് ബഹിര്‍ഗമനതോത് 25 മുതല്‍ 40 ഡിഗ്രി വരേയും 2050 ല്‍ 80-90 % വരെയും കുറക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 2007 ലെ ബാലി ഉച്ചകോടിയും വികസ്വര അവികസിത രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വികസിതരാഷ്ട്രങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം വ്യക്തമാക്കിയിരുന്നതാണ്.
ലോകജനസംഖ്യയുടെ 17% വരുന്ന വികസിതരാഷ്ട്രങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമനതോത് 74% ആണ്. 5 % ജനസംഖ്യയുള്ള അമേരിക്ക പുറന്തള്ളുന്നത് 30% കാര്‍ബണാണ് ഈ വസ്തുത അവഗണിച്ചുകൊണ്ടാണ് ഹരിതഗൃഹവാതകതോത് കുറക്കുന്നതില്‍ വികസിതരാഷ്ട്രങ്ങള്‍ക്കുതുല്യമായ ഉത്തരവദിത്തം വികസ്വര-അവികസിത രാഷ്ട്രങ്ങള്‍ക്കുണ്ടെന്ന് അമേരിക്കന്‍ നേതൃത്വത്തില്‍ വാദമുയരുന്നത്.
ചുട്ടുപൊള്ളുന്ന ഭൂമിയും അനിശ്ചിതത്വത്തിലാവുന്ന മനുഷ്യജീവിതങ്ങളുമാണ് ഇതിന്റെ പരിണിതി. അതിശൈത്യവും സൂര്യാഘാതവും മുഖേനെയുള്ള ജീവനാശങ്ങള്‍ ഇന്ന് അസാധാരണമല്ല. കടല്‍ നിരപ്പുയര്‍ന്ന ഭൂഭാഗങ്ങള്‍ കടലിനടിയിലാവുമെന്ന് ശാസ്ത്രജ്ഞര്‍ നല്കുന്ന മുന്നറിയിപ്പ് നമ്മുടെ മുന്നിലുണ്ട്. തെക്കന്‍ ഏഷ്യ, ആഫ്രിക്കയിലെ അവികസിതരാഷ്ട്രങ്ങള്‍, തുടങ്ങിയയിടങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന പ്രത്യാഘാതം ഏറ്റവും ഗുരുതരമായിരിക്കും. അതുകൊണ്ടാണ് കാലാവസ്ഥാവിഷയത്തിലെ ഏറ്റവും മോശപ്പെട്ട രേഖയായി കോപ്പന്‍ ഹേഗന്‍ പ്രഖ്യാപനത്തെ ദരിദ്രരാജ്യങ്ങളുടെ കൂട്ടായ്മയായ ജി 77 ന് നേതൃത്വം നല്കുന്ന സുഡാന്‍ വിശദീകരിച്ചത്. സാമ്രാജ്യത്വത്തിന്റെ സഹജമായ മൂലധനാര്‍ത്തിയാണ് ഇവയെ നശിപ്പിക്കുന്ന അമേരിക്കന്‍ ധിക്കാരത്തിന്റെ പിന്നിലുള്ളത്. ലാഭകൊതിയല്ലാതെ മറ്റൊന്നും തങ്ങളുടെ പരിഗണനയിലില്ലെന്ന് സാമ്രാജ്യത്വം നിര്‍ദ്ദയം തെളിയ്ക്കുകയാണ്. ഈ സമീപനത്തിന് വഴങ്ങിക്കൊടുക്കുന്ന സമീപനമാണ് ഇന്ത്യഗവണ്‍മെന്റ് സ്വീകരിച്ചത്. മാനവരാശിയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യയുടെ താത്പര്യങ്ങളുടെ സംരക്ഷണവും വിസ്മരിച്ചു. സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുക എന്ന പതിവുസമീപനം സ്വീകരിച്ച കോണ്‍ഗ്രസ് നേതൃത്വം ഇന്ത്യന്‍ ജനതയെ മാത്രമല്ല മാനവരാശിയേയും ദ്രോഹിക്കുന്നതിന് കൂട്ടുനില്ക്കുന്നവരായി മാറി. കാര്‍ബണ്‍ഡൈഓക്‌സൈഡ് ബഹിര്‍ഗമനതോത് സ്വയമേധയാ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ സമ്മതിച്ചുവെന്നുമാത്രമല്ല അതിന്റെ തോത് വിലയിരുത്താന്‍ നിരീക്ഷകരെ അനുവദിക്കുകകൂടി ചെയ്തു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളും ചേര്‍ന്നുസൃഷ്ടച്ച പ്രതിഷേധമാണ് 2010 ല്‍ നിയമസാദ്ധ്യതയുള്ള കരാറിന് രൂപം നല്കണമെന്ന വാഗ്ദാനനെങ്കിലും പ്രേരിപ്പിച്ചത്. അതുകൂടിയില്ലായിരുന്നുവെങ്കില്‍ സമ്പൂര്‍ണ്ണ പരാജയമായ ഉച്ചകോടിയായി കോപ്പണ്‍ ഹേഗ് ഉച്ചകോടി ചരിത്രത്തിലിടം നേടുമായിരുന്നു. കാര്‍ബണ്‍ പുറംന്തള്ളല്‍ സൃഷ്ടിക്കുന്ന കാലാവസ്ഥാവ്യതിയാനവും ഓസോണ്‍ പാളിയിലെ വിള്ളലും സൃഷ്ടിക്കുന്ന മാരകമായ വിപത്ത് തിരിച്ചറിയുവാനും സമൂഹത്തെ ബോധവല്ക്കരിക്കാനുമുള്ള ബാദ്ധ്യത യുവജനസമൂഹം ഏറ്റെടുക്കണം.
പരിസ്ഥിതിയ്ക്കും പ്രകൃതിവിഭവങ്ങള്‍ക്കും നേരിടുന്ന നാശം കേരളത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുന്നു. മലിനീകരണം, പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ചൂഷണം ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളുടെ വര്‍ദ്ധിച്ച ഉപയോഗം. പകര്‍ച്ചവ്യാധികളുടെ വ്യാപനം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍സൃഷ്ടിക്കുന്നു. പരിസ്ഥിതിവിഷയത്തില്‍ ശരിയും ശാസ്ത്രീയവുമായ കാഴ്ചപ്പാട് രൂപീകരിക്കാനും പ്രയോഗത്തില്‍വരുത്താനും യുവജനപ്രസ്ഥാനത്തിന് സാധിക്കണം.
പരസ്ഥിതിസാക്ഷരതയ്ക്കുവേണ്ടിയുള്ള വിപുലമായ ക്യാമ്പയിന്‍ ഏറ്റെടുക്കണം.
പരിസ്ഥിതി രാഷ്ട്രീയംസംബന്ധിച്ച് കൃത്യവും വ്യക്തവുമായ ധാരണയുണ്ടാവണമെന്നും ജീവന്റെ നിലനില്പ്പിനെബാധിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് സന്നദ്ധമാകണമെന്നും മുഴുവന്‍ ഘടകങ്ങളോടും പ്രവര്‍ത്തകരോടും പതിനൊന്നാം സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്യുന്നു. സംസ്ഥാനമലിനീകരണനിയന്ത്രണബോര്‍ഡ്, സമ്പൂര്‍ണ്ണശുചിത്തമിഷന്‍, പ്രാദേശികസര്‍ക്കാരുകള്‍ തുടങ്ങിയ ഔദ്യോഗികസംവിധാനങ്ങള്‍ തങ്ങളുടെ ചുമതലാനിര്‍വ്വഹണത്തിന് ഉപയോഗിക്കണം. ഇന്നത്തേതിനേക്കാള്‍ കാര്യക്ഷമമായി വനവല്‍ക്കരണം ഉള്‍പ്പെടെയുള്ള പരിസ്ഥിതിസംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്ന് പതിനൊന്നാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ വികസിതമുതലാളിത്ത രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന ജനവിരുദ്ധ നിലപാടുകളിലും സാമ്രാജ്യത്വനിലപാടുകളോട് സന്ധി ചെയ്യുന്ന യു പി എ സര്‍ക്കാരിന്റെ സമീപനത്തേയും ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം അപലപിക്കുന്നു.


2 comments: