മയ്യഴിയില്‍ തൊഴില്‍ നിയമനങ്ങള്‍ക്ക് പി എസ് സിപോലുള്ള സംവിധാനം ഏര്‍പ്പെടുത്തുക



പോണ്ടിച്ചേരിയുടെ ഭാഗമായ മയ്യഴിയിലെ യുവജനങ്ങള്‍ തൊഴില്‍രംഗത്ത് വലിയ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്. നിയമനങ്ങള്‍ക്ക് പി എസ് സിപോലുള്ള യാതൊരു സര്‍ക്കാര്‍ സംവിധാനവും ഇന്ന് പോണ്ടിച്ചേരിയില്‍ ഇല്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുണ്ടെങ്കിലും അവയും നോക്കുകുത്തികളാണ്. സര്‍ക്കാര്‍ മേഖലയില്‍ കേട്ടുകേള്‍വിയില്ലാത്ത നിലയില്‍ അനധികൃതനിയമനങ്ങള്‍ നിര്‍ബാധം തുടരുകയാണ്. 50 വയസുള്ളവരെപ്പോലും യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കുകയാണ്. ഹൈസ്‌കൂള്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്ക് ബി എഡ് യോഗ്യതയുള്ള നിരവധിപേര്‍ എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടും ബി എഡ് യോഗ്യത ഇല്ലാത്തവരെയാണ് നിയമിച്ചത്. രണ്ടുമാസംമുമ്പ് പ്രീപ്രൈമറി ടീച്ചര്‍മാരായി നിശ്ചിതയോഗ്യതയുള്ള അമ്പതോളംപേരെ മറികടന്ന് യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചത്. അതിനാല്‍ യുവാക്കള്‍ക്ക് യോഗ്യതയുടേയും കഴിവിന്റേയും അടിസ്ഥാനത്തില്‍ ജോലി ലഭിക്കുന്നതിനും പോണ്ടിച്ചേരിയിലാകെ തൊഴില്‍നിയമനത്തിന് പി എസ് സിപോലുള്ള സര്‍ക്കാര്‍ സംവിധാനം നിയമനത്തിന് ഏര്‍പ്പെടുത്തണമെന്നും ഡിവൈഎഫ്‌ഐ പതിനൊന്നാംസംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.


No comments:

Post a Comment