കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള നീക്കം ചെറുക്കുക



കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഘട്ടംഘട്ടമായി തകര്‍ത്ത് സ്വകാര്യവിമാന സര്‍വ്വീസിനെ വഴിവിട്ട് സഹായിക്കുന്ന എയര്‍ ഇന്ത്യയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യതയാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ അധ്വാനിച്ച്, നാടിനും കുടുംബങ്ങള്‍ക്കു വേണ്ടി കഷ്ടപ്പെടുന്നവര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ പരമാവധി ദുരിതത്തിലാഴ്ത്തുന്ന വാര്‍ത്തകളാണ് കരിപ്പൂരില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. മിന്നല്‍പണിമുടക്ക് പോലെ മുന്‍കൂട്ടി അറിയിപ്പില്ലാതേയും പകരം സംവിധാനം ഏര്‍പ്പെടുത്താതെയും വിമാനസര്‍വ്വീസുകള്‍ നിരന്തരം റദ്ദുചെയ്യുന്ന എയര്‍ഇന്ത്യയുടെ സമീപനം തികച്ചും അന്യായമാണ്. തുടര്‍ച്ചയായ ഇത്തരം സമീപനം പലര്‍ക്കും ജോലി നഷ്ടമാവുന്ന സ്ഥിതികൂടി സൃഷ്ടിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 25 ന് 29 വിമാനസര്‍വ്വീസുകളാണ് റദ്ദു ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
യു.എ.ഇ, കുവൈറ്റ്, ബഹറിന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നും കൂടുതല്‍ സര്‍വ്വീസ് നടത്തുന്നത്. ബുക്കിംഗിന് ആദ്യഘട്ടത്തില്‍ 6000 രൂപ വാങ്ങിയ സ്ഥാനത്ത് 17000 രൂപ വരെയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. തെറ്റായ ഇത്തരം സമീപനങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധമുയര്‍ത്തിയ ഡിവൈഎഫ്‌ഐ യെ വെല്ലുവിളിക്കാനും സമരം ചെയ്തസഖാക്കളെ കള്ളക്കേസുകൊടുത്ത് ജയിലില്‍ ആക്കുവാനുമാണ് അധികൃതര്‍ തയ്യാറായത്. കടിഞ്ഞാണില്ലാത്ത നവലിബറല്‍ നയങ്ങളുടെ ഭാഗമായി പൊതുമേഖലയെ ധനമൂലധനവര്‍ഗ്ഗത്തിന് വച്ചുകൈമാറുന്ന നിലപാടുകളുടെ ഭാഗമായി തന്നെയാണ് ഈ വിഷയത്തെയും കാണേണ്ടത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും എയര്‍ഇന്ത്യ മലബാറിനോട് കാണിക്കുന്ന വിവേചനം നിര്‍ത്തണമെന്നും ഡിവൈഎഫ്‌ഐ 11-ാം കേരള സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

No comments:

Post a Comment