കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക.



കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വില്പനനടത്തി സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്ര യു പി എ സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ 11-ാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.
ഒന്നാം പഞ്ചവത്സരപദ്ധതിയുടെ സന്ദര്‍ഭത്തില്‍ അഞ്ചുപൊതുമേഖലാസ്ഥാപനങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. 29 കോടിരൂപയായിരുന്നു അന്നത്തെ കേന്ദ്രനിക്ഷേപം. ഇപ്പോഴാകട്ടെ 7 ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെടെ 242 കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളാണുള്ളത്. 455409 കോടിരൂപയുടെ നിക്ഷേപവും.
ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ എണ്ണം 2004-05 ല്‍ 143 ആയിരുന്നത് 2007 -08 ആയപ്പോഴേക്കും 159 ആയി വര്‍ദ്ധിച്ചു. നഷ്ടമുണ്ടാകുന്നത് 2004 ല്‍ 73 ആയിരുന്നത് ഇപ്പോള്‍ 54 ആയി ചുരുങ്ങി. ലാഭത്തിന്റെ തോത് 8.92 ശതമാനത്തില്‍നിന്നും 15.38 ശതമാനമായി വര്‍ദ്ധിച്ചു. വിറ്റുവരവ് 1998-99 ല്‍ 6.35 ശതമാനമായിരുന്നത് 11.35 ശതമാനമായി വര്‍ദ്ധിച്ചു.
കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വില്പനനടത്തുകയും പുതിയതൊഴിലവസരത്തിനുള്ള സാദ്ധ്യത നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ്. എന്‍ ടി പി സി, ബി എച്ച് ഇ എല്‍ തുടങ്ങി അറുപതോളം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള യു പി എ സര്‍ക്കാരിന്റെ തീരുമാനം ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യവത്ക്കരണ നീക്കമാണ്.
ജനവിരുദ്ധമായ തീരുമാനങ്ങളിലൊന്നാണ്. ജനകീയ ഉടമസ്ഥതയാണ് ഓഹരിവില്പനയിലൂടെ ലക്ഷ്യമിടുന്നത് എന്ന വാദമാണ് സര്‍ക്കാരിന്റേത്. 51 % ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശമായിരിക്കുമെന്നും പറയുന്നു. പക്ഷെ ഇതുകുറയില്ലാ എന്നതിന് യാതൊരുറപ്പുമില്ല. സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനാണ് ഓഹരിവില്പന എന്നാണ് സര്‍ക്കാരിന്റെ വാദം. സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളായ എസ് എസ് എ, എന്‍ ആര്‍ എച്ച് എം തുടങ്ങിയ പദ്ധതികള്‍ക്ക് അനുവദിച്ച ഫണ്ടുപോലും വിനിയോഗിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഓഹരി വില്‌ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. പൊതുമേഖലാസ്ഥാപനങ്ങളുടെ മിച്ചധനവും, കരുതല്‍ധനവും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നവരത്‌ന-മിനിവരത്‌ന സ്ഥാപനങ്ങളെ സ്വകാര്യകുത്തകള്‍ക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നത്.
കേരളത്തില്‍ കാറ്റഗറി ഒന്ന് മിനി നവരത്‌നകമ്പനിയായ കൊച്ചി കപ്പല്‍ശാലയുടെ 10% ഓഹരികള്‍ വില്പനനടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. തന്ത്രപ്രധാനമായ പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റഴിക്കുകവഴി തൊഴില്‍രഹിതരുടെ തൊഴില്‍സ്വപ്നങ്ങള്‍പോലും തകര്‍ക്കുകയാണ്.
പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനും ലാഭത്തിലാക്കുന്നതിനും കേരളത്തിലെ ഇടതുപക്ഷജനാധിപത്യഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. വില്പന നടത്താതെ ഫലപ്രദമയ മാനേജുമെന്റിലൂടെ ലാഭത്തിലാക്കിയത് പൊതുമേഖലാസംരക്ഷണത്തിനുള്ള ബദല്‍ മാര്‍ഗമാണ്.
ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് മുമ്പ് ഓഹരിവില്പ്പന കാര്യമായി നടക്കാതെപോയത്. എന്നാല്‍ ഇപ്പോള്‍ യാതൊരുമറയും ഇല്ലാതെ ഓഹരിവില്പനനടത്താനും പൊതുമേഖലാസ്ഥാപനങ്ങളെ തകര്‍ക്കാനും നടത്തുന്ന കേന്ദ്ര-യു പി എ സര്‍ക്കാരിന്റെ നടപടിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാനസമ്മേളനം പ്രതിഷേധിക്കുന്നു.
പൊതുമേഖലാ സംരക്ഷണം ഉറപ്പുവരുത്താനും തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന നയങ്ങള്‍ തിരുത്താനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്നവിധം ശക്തമായ പ്രക്ഷോഭങ്ങളുയര്‍ത്തിക്കൊണ്ടുവരാന്‍ സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്യുന്നു.

No comments:

Post a Comment