ഗുണ്ട-മാഫിയസംഘങ്ങളെ അമര്‍ച്ച ചെയ്യുക



നമ്മുടെ സംസ്ഥാനത്ത് നാടിന്റെ സമാധാനാന്തരീക്ഷത്തിനും ജനങ്ങളുടെ സൈ്വര്യജീവിതത്തിനും വെല്ലുവിളിയായി ഗുണ്ടാ-മാഫിയാ-ക്രിമിനല്‍സംഘങ്ങള്‍ മാറിയിട്ടുണ്ട്. ക്രിമിനല്‍ വാസനകളുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാനും അവരെ ലഹരിയുടെ അടിമകളാക്കാനുമുള്ള വ്യവസ്ഥിതിയുടെ സഹജമായ സ്വാധീനം ഇന്നത്തെ സമൂഹത്തില്‍ പ്രകടമാണ്. ബ്ലേഡ്-മണല്‍-വ്യാജമദ്യ മാഫിയകള്‍ അവരുടെ നിക്ഷിപ്തതാല്പര്യം മുന്‍നിര്‍ത്തി ഗുണ്ടാപണികള്‍ക്കായി ചെറുപ്പക്കാരെ വലവീശിപ്പിടിക്കുവാനും, സ്വാധീനവലയത്തില്‍ നിര്‍ത്താനും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. സാമൂഹ്യജീവിതത്തിന് കടുത്ത ഭീഷണിയായി വളര്‍ന്നുവന്ന ഗുണ്ടാക്രിമിനല്‍ സംഘങ്ങളെ നിയമപരമായി കൈകാര്യം ചെയ്ത് അമര്‍ച്ച ചെയ്യുവാന്‍ സമീപകാലത്ത് കേരളസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ സമൂഹത്തിന്റെ നാനാമേഖലകളെയും സ്വാധീനിക്കാന്‍ കഴിയുംവിധം ഗുണ്ടാമാഫിയാസംഘങ്ങള്‍ സാമൂഹ്യവിപത്തായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ഗുണ്ടാ-മാഫിയാസംഘങ്ങള്‍ക്കെതിരെ നിരന്തരമായ പോരാട്ടം നടത്തിക്കൊണ്ട് സാമൂഹ്യനന്മക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഡിവൈഎഫ്‌ഐ. എറണാകുളത്ത് ഉദയം പേരൂരില്‍ വീര്യമൃത്യൂ വരിച്ച സ: വിദ്യാധരന്റെ ധീരരക്തസാക്ഷിത്വം ഡിവൈഎഫ്‌ഐയുടെ ഗുണ്ടാ-മാഫിയാകള്‍ക്കെതിരായ പോരാട്ടത്തിന്റെ സാക്ഷ്യപത്രമാണ്. ഈ സമ്മേളനകാലയളവില്‍ കാസര്‍ഗോഡ് ജില്ലയില്‍ മഞ്ചേശ്വരം ഉപ്പളയില്‍ സ:അബ്ദുള്‍സത്താര്‍ ഹോങ്കാള്‍ എറണാകുളം ജില്ലയിലെ പറവൂരില്‍ സ: സി ആര്‍ രതീഷ് എന്നീ രണധീരന്മാരായ നമ്മുടെ പ്രിയസഖാക്കളും രക്തസാക്ഷിത്വം വരിച്ചത് ഗുണ്ടാമാഫിയാസംഘങ്ങള്‍ക്കെതിരായ പോരാട്ടത്തിനിടയിലാണ്. മാഫിയാ സംസ്‌കാരത്തിന്റെ സാമൂഹ്യവിരുദ്ധ പ്രവണതകള്‍ യുവതലമുറയിലേക്ക് സന്നിവേശിപ്പിക്കുന്ന ഇരുട്ടിന്റെ ശക്തികളായ ഗുണ്ടാ-മാഫിയാക്രിമിനല്‍ സംഘങ്ങള്‍ക്കെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങളും ചെറുത്തുനില്പും നാം തുടരേണ്ടതുണ്ട്. നമ്മുടെ സാമൂഹ്യമണ്ഡലത്തെ മലീമസപ്പെടുത്തുന്ന തിന്മയുടെ പ്രതീകങ്ങളായ ഗുണ്ടാമാഫിയാക്രിമിനല്‍ സംഘങ്ങളെ നിയമപരമായ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി അമര്‍ച്ച ചെയ്യുവാന്‍ ശ്രമിക്കുന്നതാടൊപ്പം, അവരെയാകെ ഒറ്റപ്പെടുത്തുവാനും കേരളീയ സമൂഹത്തില്‍ നിന്നും തൂത്തെറിയുവാനുമുള്ള ബഹുജനഐക്യനിരയില്‍ അണിനിരക്കുവാന്‍ ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment