മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കുക


കേരളീയ സമൂഹത്തിന് വികസനത്തിന്റെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകുന്ന പല പദ്ധതികളും ഇപ്പോഴും പണി ആരംഭിക്കാതെ കിടക്കുകയാണ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി, സ്മാര്‍ട്ട്‌സിറ്റി, വിഴിഞ്ഞം തുറമുഖം എന്നിവ ഇനിയും എവിടേയുമെത്തിയിട്ടില്ലാത്ത നമ്മുടെ സ്വപ്ന പദ്ധതികളാണ്.
യു ഡി എഫ് സര്‍ക്കാര്‍ നടത്തിയ നിര്‍ലജ്ഞമായ കീഴടങ്ങളിന് വിരുദ്ധമായി സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ദുബായിലെ ടികോം കമ്പനിയുമായി സ്മാര്‍ട്ട്‌സിറ്റിയ്ക്കുവേണ്ടിയുള്ള കരാറില്‍ ഒപ്പ് വെച്ചത്. വലിയ പ്രതീക്ഷയോടെ വന്ന പദ്ധതി. എന്നാല്‍ നിന്നിടത്ത്‌നിന്ന് മുന്നോട്ടുപോയ പ്രതീതിയല്ല ഇപ്പോഴുള്ളത്. സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തിന്റെ ഒരു നിശ്ചിത ശതമാനം സ്ഥലത്ത് സ്വതന്ത്രവിനിമയാവകാശം വേണമെന്നാണ് ടികോമിന്റെ പുതിയ ആവശ്യം. അവരുടെ പിടിവാശിക്ക് വഴങ്ങാതെ, പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ തയ്യാറാക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ മറ്റ് വഴികള്‍ തേടേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ തീരുമാനിച്ച സമയത്തിനകം സ്മാര്‍ട്ട്‌സിറ്റി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണം.
ആയിരക്കണക്കിനാളുകള്‍ക്ക് തൊഴിലും വികസന മുന്നേറ്റത്തിന്റെ പാതയില്‍ പുതിയ ചരിത്രവും രചിക്കാന്‍ കഴിയുന്ന മറ്റൊരു പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. സങ്കുചിതമായ കക്ഷിരാഷ്ട്രീയ ഇടങ്കോലുകളാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ പലപ്പോഴും ഇല്ലാതാക്കിയത്. തുറമുഖ നിര്‍മ്മാണത്തിനുള്ള ടെന്റര്‍ ലഭിച്ച ചൈനീസ് കണ്‍സോര്‍ഷ്യത്തിന്, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അനുവാദം നിഷേധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പിന്നീട് റീ ടെന്റര്‍ ചെയ്ത് നടപടിക്രമങ്ങള്‍ മുന്നോട്ടുപോയെങ്കിലും കോടതി ഇടപെടലുകള്‍ കാരണം അതും മുടങ്ങുകയാണുണ്ടായത്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഒരു കമ്പനി രൂപീകരിക്കാനും അതിന്റെ നേതൃത്വത്തില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. യുദ്ധകാലാടിസ്ഥാനത്തില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
നിരവധി വര്‍ഷങ്ങള്‍ക്കുമുമ്പെ വാഗ്ദാനം ചെയ്യപ്പെട്ട വേറൊരു കേന്ദ്രപദ്ധതിയാണ് കഞ്ചിക്കോട് റെയില്‍വെ കോച്ച് ഫാക്ടറി. ഫാക്ടറി നിര്‍മ്മാണത്തിനായി ആദ്യം റെയില്‍വേ ആവശ്യപ്പെട്ടത് 900 ഏക്കര്‍ സ്ഥലമായിരുന്നു. അത് ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സും ബി ജെ പിയും തൊട്ട് മാവോവാദികളും ചില മാധ്യമങ്ങളും വരെ പ്രാദേശികമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. എന്നാല്‍ 400 ഏക്കര്‍ സ്ഥലമാണ് റെയില്‍വേ ഇപ്പോള്‍ ആവശ്യപ്പെടുന്നത് ആരേയും കുടിയൊഴിപ്പാക്കാതെ, പരമാവധി സര്‍ക്കാര്‍ സ്ഥലത്തുതന്നെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാവുന്നതാണ്. 3000 ത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പതിനായിരക്കണിനാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കാവുന്ന പതിനായിരക്കണക്കിനാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കാവുന്ന കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും തയ്യാറാകണം.
പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും അവയൊന്നും പൂര്‍ത്തീകരിക്കപ്പെടുന്നില്ല. പലപ്പോഴും സങ്കുചിതമായ കക്ഷി രാഷ്ട്രീയവും പരിസ്ഥിതിയെ ഉയര്‍ത്തിക്കാട്ടിയുള്ള മൗലികവാദവും വികസനപദ്ധതികള്‍ക്ക് തടസ്സമാവുന്നുണ്ട്. പ്രകൃതിയെ വന്‍തോതില്‍ ഹനിക്കാതേയും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയുന്നതുമായ പദ്ധതികളാണ് കേരളത്തിനാവശ്യമായിട്ടുള്ളത്. അത്തരക്കിലുള്ള പല പദ്ധതികളും ആരംഭദശയില്‍തന്നെ വഴിമുട്ടി കിടക്കുകയാണ്. അത്തരം പദ്ധതികളെല്ലാം എത്രയും പെട്ടെന്ന് ആരംഭിക്കാനും ധ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

No comments:

Post a Comment