തൊഴിലും വീടുംപദ്ധതി: ജനകീയക്യാമ്പയിന്‍ വിജയിപ്പിക്കുക


ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി
കയറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ക്ക് സ്വന്തമായൊരുവീട്
ജീവിതസുരക്ഷയില്ലാത്തവര്‍ക്ക് തൊഴില്‍........
ഇതെല്ലാം ഒരു സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ് തനതായ വികസനമാതൃകസൃഷ്ടിച്ച കേരളം സാമൂഹ്യസുരക്ഷയ്ക്ക് ഒരു കാല്‍വെയ്പ്പുകൂടി നടത്തുകയാണ്.
സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ എല്ലാവര്‍ക്കും തൊഴില്‍, എല്ലാവര്‍ക്കും വീട് തുടങ്ങിയ ആകര്‍ഷമായ മുദ്രാവാക്യങ്ങള്‍ ഏറെ ഉയര്‍ന്ന് കേട്ടിട്ടുണ്ടെങ്കിലും സാമൂഹ്യസുരക്ഷയില്‍ അടിസ്ഥാനമായ തൊഴിലിലും വീടിനുംവേണ്ടി യാതൊരു പദ്ധതിയും ഇന്ത്യയിലാകെ നടപ്പിലാക്കിയ അനുഭവങ്ങളില്ല. എല്ലാവര്‍ക്കും തൊഴിലും വീടും എന്ന ആശയം പ്രായോഗികമാക്കുന്ന മാതൃകാപരമായ പദ്ധതിയ്ക്കാണ് തദ്ദേശസ്വയംഭരണസ്ഥാപങ്ങളുടെ മുന്‍കൈയ്യോടെ സംസ്ഥാനഗവണ്‍മെന്റ് ശ്രമിക്കുന്നത് പതിനൊന്നാം പദ്ധതിയുടെ ഭാഗമായി തൊഴിലും വീടും പദ്ധതി കേരളത്തില്‍ നടപ്പിലാക്കുകയാണ്. ആധുനികകേരളത്തിന്റെ ശില്പി മഹാനായ ഇ എം എസിന്റെ നാമധേയത്തില്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതിയ്ക്ക് രൂപം നല്കിയിരിക്കുന്നു.... ദാരദ്ര്യരേഖയ്ക്കുതാഴേയുള്ള ഭൂരഹിതകുടുംബങ്ങള്‍ക്ക് ഭൂമിയും വീടില്ലാത്ത എല്ലാവര്‍ക്കും വീടും നല്കുന്ന ബൃഹത്തായപദ്ധതിയ്ക്ക് നേതൃത്വം നല്കുന്ന എല്‍ ഡി എഫ് ഗവണ്‍മെന്റിനെ പതിനൊന്നാം സംസ്ഥാനസമ്മേളനം അഭിവാദ്യം ചെയ്യുന്നു.
ഇന്ത്യന്‍ ജനതയുടെ തൊഴിലെടുക്കാനുള്ള അവകാശം ദേശീയഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലൂടെ നിയമപരമായി സംരക്ഷിക്കപ്പെട്ടെങ്കിലും പൂര്‍ണ്ണരൂപത്തിലെത്താന്‍ ഇനിയുമേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പിന്‍ബലം ഒന്നുകൊണ്ടുമാത്രമാണ് 2005 സെപ്തംബര്‍ 02 ന് പാര്‍ലമെന്റില്‍ നിയമം പാസാക്കപ്പെട്ടത്. ഗ്രാമീണ മേഖലയില്‍ അവിദഗ്ധ തൊഴില്‍ചെയ്യാന്‍ തയ്യാറാവുന്ന കുടുംബങ്ങള്‍ക്ക് തൊഴില്‍ പ്രദാനംചെയ്യുന്ന ഈ നിയമം നമ്മുടെ സംസ്ഥാനത്ത് 2006 ഓടെയാണ് നടപ്പിലായത്. 224 കോടിരൂപ കൂലിയിനത്തില്‍ കഴിഞ്ഞ വര്‍ഷം നല്കി. തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ വര്‍ഷം ആയിരംകോടി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഭൂപരിഷ്‌ക്കരണത്തിലും അധികാരവികേന്ദ്രീകരണത്തിലും സാക്ഷരതയിലും ജനകീയ ആസൂത്രണത്തിലുമെല്ലാം കേരളത്തില്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞ ജനമുന്നേറ്റം പുനസൃഷ്ടിയ്ക്കുവാന്‍ ഈ പദ്ധതിയിലൂടെ നമുക്കാവണം. കേരളത്തിന്റെ സാമൂഹ്യസുരക്ഷാരംഗത്തെ സുപ്രധാനമായ തൊഴിലും വീടുംപദ്ധതി ചരിത്രവിജയമാക്കുവാന്‍ മലയാളി യൗവ്വനത്തിന്റെ സര്‍വ്വശേഷിയും സമര്‍പ്പിക്കേണ്ടതുണ്ട്. പദ്ധതിയുടെ വിജയത്തിനുവേണ്ടി വലിയ സംഭാവനകള്‍ നല്കുവാന്‍ ഡിവൈഎഫ്‌ഐയ്ക്ക് കഴിയും. നിര്‍മ്മാണസാമഗ്രികളെത്തിച്ചുകൊടുക്കല്‍, സന്നദ്ധസേവനത്തോടെ തൊഴില്‍ശേഷി പ്രദാനം ചെയ്യല്‍ ഉള്‍പ്പെടെ കാര്യമായ ഇടപെടലും സംഭാവനയും നല്കുവാനും ദുര്‍ബ്ബലജനതയെ സഹായിക്കുവാനും നമുക്ക് കഴിയണം. കേരളത്തിന്റെ സാമൂഹ്യസുരക്ഷാരംഗത്ത് സുപ്രധാനമായ 'തൊഴിലുംവീടും പദ്ധതി' സമ്പൂര്‍ണ്ണവിജയമാക്കുന്നതിന് മുഴുവന്‍ യുവതീയുവാക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment