ഔഷധ മേഖലയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയെടുക്കുക


ഔഷധവില ഭീകരമായി വര്‍ദ്ധിച്ചുവരികയാണ്. ചികിത്സാചെലവ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല. മരുന്നുകളുടെ വിലക്കയറ്റം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ശരാശരി 230 ശതമാനമാണ്. പനിവന്നാല്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ക്ക് ഒരു കോഴ്‌സിന് 2004 ല്‍ 150 രൂപയായിരുന്നത് ഇപ്പോള്‍ 500 രൂപയായി വര്‍ദ്ധിച്ചിരിക്കുന്നു. എം ആര്‍ പി പോലുമില്ലാതെയാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ചില മരുന്നുകള്‍ വില്‍ക്കുന്നത്. ഇറക്കുമതി ചെയ്ത മരുന്നെന്നു പറയുന്ന ചിലതാകട്ടെ ഇന്ത്യയില്‍ തന്നെയുള്ള ബഹുരാഷ്ട്രകുത്തകക്കമ്പനികള്‍തന്നെ ഉത്പാദിപ്പിക്കുന്നവയാണുതാനും. ക്യാന്‍സറിനുള്ള മരുന്ന് വിദേശത്തുനിന്ന് ഇറക്കിയതിന് 1.25 ലക്ഷം രൂപ ഈടാക്കുമ്പോള്‍ ഇന്ത്യന്‍കമ്പനിയായ സിപ്ല 12,500 രൂപയ്ക്ക് നല്‍കുന്നു. ഔഷധങ്ങള്‍ക്ക് പരസ്യം പാടില്ലെന്നാണ് വ്യവസ്ഥ. ചില കമ്പനികള്‍ പരസ്യത്തിലൂടെയാണ് വിപണികൈയടക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നത്. മരുന്ന് കമ്പനിയുടെ വിറ്റുവരവ് കണക്കിലെടുത്താല്‍ രാജ്യത്താകെ 30,000 കോടി രൂപയാണ്. കേരളത്തില്‍ ഇത് 3000 കോടി രൂപയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഔഷധവ്യാപാരം നടക്കുന്ന സംസ്ഥാനമാണ് കേരളം. ഔഷധവിലക്കയറ്റത്തിന്റെ ഏറ്റവും കൂടുതല്‍ കെടുതി അനുഭവിക്കുന്നവരും കേരളീയര്‍തന്നെ.
എന്നാല്‍ ഭരണഘടനയിലെ 246-ാം അനുച്ഛേദമനുസരിച്ച് ഔഷധമേഖല പൂര്‍ണമായും കേന്ദ്രവിഷയമാണ്. 1940 ലെ ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക്‌സ് ആക്ട് പ്രകാരമാണിത്. പ്രസ്തുതനിയമമനുസരിച്ചാണ് ഔഷധമേഖലയെ നിയന്ത്രിക്കുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പൊള്ളുന്ന മരുന്നുവില നിയന്ത്രിക്കാന്‍ നടപടികളെടുക്കുന്നില്ല.
ഇന്ത്യന്‍ ഔഷധമേഖലസ്വന്തം കാലില്‍ വളരാന്‍ തുടങ്ങിയത് 1970 ലെ പേറ്റന്റ് നിയമത്തിനുശേഷമാണ്. പ്രക്രിയപേറ്റന്റ് വഴി ജീവന്‍രക്ഷാമരുന്നുകള്‍ സ്വയം ഉത്പാദിപ്പിച്ച് വിദേശത്തെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞു. എന്നാല്‍ 1990 കളുടെ മദ്ധ്യത്തില്‍ പേറ്റന്റ് നിയമം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭേദഗതി ചെയ്ത് ഉത്പന്നപേറ്റന്റാക്കിയതോടെ ഔഷധവിലകള്‍ ഗണ്യമായി ഉയരാന്‍ തുടങ്ങി. ഔഷധവിലക്കയറ്റത്തിന് അടിസ്ഥാനകാരണം പേറ്റന്റ് നിയമഭേദഗതിയാണ്. ആഗോളവത്ക്കരണനയത്തിന്റെ ഭാഗമായി കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇതു നടപ്പാക്കിയത്.
ഈ നയത്തിന്റെ മറ്റൊരു ദുരന്തം ഇന്ത്യന്‍ മരുന്നുകമ്പനികള്‍ പലതും ഇന്ത്യയിലെ തന്നെ കുത്തകകളോ ബഹുരാഷ്ട്രകുത്തകകളോ കൈയടക്കാന്‍ തുടങ്ങിയതാണ്. ഔഷധനിര്‍മ്മാണമേഖല കുത്തകളുടെ കൈപ്പിടിയിലായി. എച്ച് എല്‍, ഐ ഡി പി എല്‍, ബംഗാള്‍ കെമിക്കല്‍സ്, ബംഗാള്‍ ഇമ്യൂണിറ്റീസ്, സ്മിത്ത് സ്റ്റാനിസ്ട്രീറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഔഷധനിര്‍മ്മാണരംഗത്തെ ശക്തമായ പൊതുമേഖലാ സാന്നിദ്ധ്യമായിരുന്നു. പൊതുമേഖലാസ്വകാര്യവല്‍ക്കരണനയത്തിന്റെ ഭാഗമായി ഈ സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടി. ചിലത് പ്രവര്‍ത്തനരഹിതമായി. വിലക്കയറ്റത്തിന് ഇതുകൂടി കാരണമാണ്.
വിലക്കയറ്റത്തിന്റെ മറ്റൊരുപ്രധാനകാരണം ഔഷധവിലനിയന്ത്രണ ഉത്തരവില്‍ വിവിധ ഘട്ടത്തിലായി മാറ്റം വരുത്തിയതാണ്. സി പി സി ഒ എന്ന ചുരുക്കപ്പേരില്‍ ഔഷധമേഖലയിലുള്ളവര്‍ വിളിച്ചിരുന്ന 1995 ലെ ഈ ഉത്തരവാണ് ഔഷധവിലനിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിയമപരമായ അധികാരം നല്‍കിയത്. ഏകപക്ഷീയമായി വില നിശ്ചയിക്കാന്‍ മരുന്നുകമ്പനികള്‍ക്ക് സാധിക്കില്ല. പിന്നീട് വിവിധ ഘട്ടങ്ങളില്‍ ഈ ഉത്തരവില്‍ വെള്ളം ചേര്‍ത്തു. ഇപ്പോള്‍ കേവലം 20 ല്‍ താഴെ മരുന്നിനുമാത്രമാണ് വിലനിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുള്ളത്. സാധാരണക്കാര്‍ കൂടുതല്‍ ഉപയോഗിക്കുന്ന മരുന്നുകളെല്ലാം വിലനിയന്ത്രണ പട്ടികയുടെ പുറത്താണ്.
വിലനിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന എം പി പി എ എന്ന കമ്മിറ്റിക്കു നല്കി. പ്രസ്തുത കമ്മിറ്റിയിലാകട്ടെ ഔഷധക്കമ്പനി ഉടമകളാണ് ഭൂരിപക്ഷം. അവര്‍ നിശ്ചയിക്കുന്ന വിലയാകട്ടെ തത്വദീക്ഷയില്ലാതെ കൊള്ളലാഭം കൊയ്യാന്‍ കുത്തകകളെ സഹായിക്കുന്ന വിധത്തിലാണ്. കുത്തകകമ്പനികളെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടുകാരണം വിലനിശ്ചയിക്കുന്നതുതന്നെ മരുന്ന് കമ്പനി ഉടമകളായി മാറി. ഉദാഹരണത്തിന് ആസ്തമ രോഗത്തിനുള്ള ആസ്മാലിന്‍ എന്ന മരുന്നിന് എം പി പി എ കമ്മിറ്റി നിശ്ചയിച്ച വില 1.22 രൂപമാത്രം, വില്‍ക്കുന്നതാകട്ടെ 3.04 രൂപയ്ക്കും. ഹൃദ്രോഗികള്‍ കഴിക്കുന്ന ആസ്പരിന് കമ്മിറ്റി നിശ്ചയിച്ചത് 1.10 രൂപയാണെങ്കില്‍ വില്‍ക്കുന്നത് 8.42 രൂപയ്ക്കാണ്.
ജീവന്‍ രക്ഷാമരുന്നുകള്‍ എന്നാണ് ഇത്തരം മരുന്നുകളെ വിശേഷിപ്പിക്കുന്നത്. ഡോക്ടര്‍മാര്‍ നല്‍കുന്ന ശീട്ട് പ്രകാരമാണ് ഇത്തരം മരുന്നുകള്‍ രോഗികള്‍ വാങ്ങുന്നത്. ഇവിടെ ഉപഭോക്താവും ഉത്പാദകനും തമ്മില്‍ വ്യാപാരമേഖലയില്‍ സാധാരണനിലയിലുള്ള ബന്ധമല്ല. ജീവന്‍ നിലനിര്‍ത്താനാണ് മരുന്ന് ഉപയോഗിക്കുന്നത്. അതുകൊണ്ട് സാമൂഹ്യനിയന്ത്രണം ഈ മേഖലയില്‍ അനിവാര്യമാണ്.
ഉത്പാദനം മേഖലയില്‍ മാത്രമല്ല മരുന്നിന്റെ വിപണനരംഗത്തും കേന്ദ്രസര്‍ക്കാര്‍ കുത്തകവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നു. ഉത്പാദന-വിപണനമേഖല പൂര്‍ണമായും കുത്തകവല്‍ക്കരിച്ചാല്‍ ജീവന്‍ രക്ഷാമരുന്നുകള്‍ മറ്റനേകം ചരക്കുകളെപ്പോലെത്തന്നെയായി മാറും. ഔഷധമേഖലയില്‍ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും ഇടയാക്കുന്ന, വിലക്കയറ്റം ഇതിനേക്കാള്‍ രൂക്ഷമാക്കുന്ന മുതലാളിത്ത ചൂഷണത്തിലേക്കാണ് കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിന്റെ ഔഷധനയം എത്തിക്കുന്നത്.
ഔഷധവില കേന്ദ്രസര്‍ക്കാര്‍ നയംമൂലം വര്‍ദ്ധിക്കുമ്പോള്‍ ഇടതുപക്ഷം മറ്റനേകം മേഖലകളില്‍ ബദല്‍നയം നടപ്പാക്കുന്നതുമൂലം ഈ രംഗത്തും മാതൃകകാട്ടുന്നു. അതാണ് കേരളത്തിലെ നീതി-മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍. 315 നീതിമെഡിക്കല്‍സ്റ്റോറും 90 മാവേലി മെഡിക്കല്‍ സ്റ്റോറും ഗവ മെഡിക്കല്‍ കോളേജുകളില്‍ അഞ്ച് പേയിങ്ങ് കൗണ്ടറും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണ ആശുപത്രികള്‍ക്ക് കീഴില്‍ 40 ഫാര്‍മസികളുണ്ട്. ഇവയിലൂടെയെല്ലാം 40ശതമാനം വരെ വിലക്കുറവിലാണ് മരുന്നുകള്‍ വില്‍ക്കുന്നത്. ഇടതുപക്ഷസര്‍ക്കാരാണ് ഇത്തരം പദ്ധതി ആവിഷ്‌ക്കരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഔഷധവില കയറ്റുമ്പോള്‍ കേരളം വിലകുറച്ച് ജനങ്ങളെ സഹായിക്കുന്നു.
ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഔഷധവില നിയന്ത്രിക്കുന്നതിന് തങ്ങളിലര്‍പ്പിതമായ അധികാരവും ചുമതലയും പ്രയോഗിക്കുന്നതിനും നടപ്പിലാക്കുന്നതിനും തയ്യാറാകണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളസംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.


No comments:

Post a Comment