മാനദണ്ഡം പാലിക്കാതെ അനുമതി നേടിയ എഞ്ചിനീയറിംഗ് കോളേജുകളുടെ അംഗീകാരം റദ്ദാക്കുക.


കേരളത്തിലെ പത്തോളം സ്വകാര്യ സ്വശ്രയഎഞ്ചിനിയറിംഗ് കോളെജുകള്‍ അഖിലേന്ത്യാ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുത്തത് പിന്‍വാതിലിലൂടെയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്താതിരുന്ന ഈ സെല്‍ഫ്‌ഫൈനാന്‍സ് എഞ്ചിനീയറിംഗ് കോളേജുകള്‍ ലക്ഷങ്ങള്‍ കോഴ നല്‍കിയാണ് കേന്ദ്ര ഏജന്‍സിയുടെ അനുമതി നേടിയെടുത്തത്. വിദ്യാഭ്യാസത്തെ വെറും കച്ചവടച്ചരക്കായി മാത്രം സമീപിക്കുന്ന ഈ കോളേജ് മാനേജുമെന്റുകള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സര്‍ക്കാരിനെയും വഞ്ചിച്ചിരിക്കുകയാണ്. ഈ കോളേജ് മാനേജ്‌മെന്റുകള്‍ക്കും ഈ കോഴക്കച്ചവടത്തിലെ ഉത്തരവാദപ്പെട്ട മറ്റുള്ളവര്‍ക്കുമെതിരെ കേസ്സെടുക്കാന്‍ സി ബി ഐ നിര്‍ബന്ധിതമായിരിക്കുകയാണ്.
വിദ്യാഭ്യാസത്തെ കച്ചവല്‍ക്കരിക്കുകയും അത്തരം ശക്തികള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പുരോഗമന ജനാധിപത്യവിദ്യാര്‍ത്ഥിയുവജനപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വിമര്‍ശനത്തെയും പ്രക്ഷോഭത്തെയും സാധൂകരിക്കുന്നതാണ് സി ബി ഐ കേസ്സോടെ പുറത്തുവന്നിരിക്കുന്ന യാഥാര്‍ത്ഥ്യം. സ്വകാര്യ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവില്‍ കച്ചവടശക്തികള്‍ നടത്തുന്ന കൊള്ളയുടെ മുഖമാണ് അനാവരണം ചെയ്യപ്പെടുന്നത്.
പൊതുസമൂഹത്തെയാകെ വഞ്ചിച്ച ഈ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ അംഗീകാരം റദ്ദാക്കണമെന്നും കടുത്ത നിയമനടപടികള്‍ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട സര്‍വകാലാശാലകളോടും സംസ്ഥാനസര്‍ക്കാരിനോടും ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.


No comments:

Post a Comment