അന്യസംസ്ഥാനലോട്ടറികളെ നിയന്ത്രിക്കുക



പൊതുസമൂഹത്തിനെ മോഹവലയത്തില്‍ കുരുക്കി ആകര്‍ഷിച്ചുകൊണ്ട് അന്യസംസ്ഥാന ലോട്ടറി മാഫിയ നടത്തുന്ന പകല്‍ക്കൊള്ള കേരളത്തില്‍ ഒരു സാമൂഹ്യവിപത്തായി വളര്‍ന്നിരിക്കുന്നു. അന്യസംസ്ഥാനങ്ങളുടെ പേരിലാണെങ്കിലും ഇവയില്‍ ഏറിയവയും വ്യാജലോട്ടറികളാണ്. ഒരേ നമ്പരില്‍ ഒന്നിലധികം ലോട്ടറികള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതായും ആക്ഷേപം വ്യാപകമാണ്. അന്യസംസ്ഥാനങ്ങളുടെ പേരിലുള്ള ഇത്തരം വ്യാജലോട്ടറികള്‍ നിരോധിക്കണം. സാധാരണക്കാരായ ഏറെപ്പേരെയും ചൂതാട്ടത്തിന് പ്രേരിപ്പിക്കുന്ന ഇത്തരം ലോട്ടറികളെ നിയന്ത്രിക്കുവാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ചെറിയ ചെറിയ സമ്മാനങ്ങളിലൂടെ പ്രലോഭിപ്പിച്ച് കേരളത്തില്‍ നിന്ന് കോടിക്കണിക്കിന് രൂപ ലോട്ടറിത്തട്ടിപ്പിലൂടെ കടത്തിക്കൊണ്ടു പോകുന്ന അന്യസംസ്ഥാന വ്യാജലോട്ടറികള്‍ക്കെതിരായി ശക്തമായ പ്രചരണത്തിന് മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഇതിനുപുറമേ ഒറ്റ നമ്പര്‍ ലോട്ടറി, പേപ്പര്‍ ലോട്ടറി തുടങ്ങിയ അസംഖ്യം ലോട്ടറികാളാണ് കേരളത്തില്‍ തടിച്ചുകൊഴുക്കുന്നത്. ഇവയില്‍ ഒന്നിന്റെയും നറുക്കെടുപ്പിന് സുതാര്യതയില്ല.
ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ സമരങ്ങളിലൂടെയാണ് ബഹുമാനപ്പെട്ട കോടതി അത് നിരോധിക്കുന്ന സാഹചര്യമുണ്ടായത്. ലോട്ടറിയെടുത്ത് സാമ്പത്തികമായി തകര്‍ന്ന് ആത്മഹത്യ ചെയ്ത നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. കേരളത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിവരുന്ന ലോട്ടറികളില്‍ നിന്നും ലഭിക്കുന്ന വരുമാനം സാമൂഹ്യസേവന പദ്ധതികള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കുന്ന സാഹചര്യത്തില്‍ ലോട്ടറികളിലെ വ്യാജന്മാരെ തുറന്നുകാണിക്കാനും കേരളസര്‍ക്കാര്‍ലോട്ടറികളെക്കുറിച്ച് ശരിയായ നിലയില്‍ ജനങ്ങളില്‍ പ്രചരണം നടത്തുവാനും രംഗത്തിറങ്ങണം.
നാടിന്റെ സമ്പദ്ഘടന തകര്‍ക്കുകയും ജനങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുവാനും, വ്യാജലോട്ടറികള്‍ തടയുവാനും, നറുക്കെടുപ്പ് സുതാര്യമാക്കുവാനും ഡിവൈഎഫ്‌ഐ 11-ാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

No comments:

Post a Comment