നവോത്ഥാനമൂല്യങ്ങള്‍ തിരിച്ചുപിടിക്കുക



പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സ്വാമിവിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. മനുഷ്യന് മനുഷ്യനെ സ്പര്‍ശിക്കാന്‍ പോലും കഴിയാതിരുന്ന കേരളീയ ജീവിതത്തെ ആധുനികജീവിതത്തിലേക്ക് ഉയര്‍ത്തിയത് സമരോത്സുകമായൊരു ചരിത്രത്തിലൂടെയാണ്. ഫ്യൂഡല്‍-സവര്‍ണമൂല്യബോധങ്ങള്‍ക്കെതിരെ നമ്മുടെ നവോത്ഥാനനായകര്‍ നടത്തിയ വൈവിധ്യങ്ങളായ ഇടപെടലുകളാണ് ലോകത്തിന് മുമ്പില്‍ നിവര്‍ന്ന് നില്കാന്‍ പാകത്തിലുള്ള പുരോഗമനവാഞ്ചയിലും യുക്തി ചിന്തയിലും അധിഷ്ഠിതമായ പൊതുബോധത്തെ സാധ്യമാക്കിയത്. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയ ആശയും ഉര്‍ജ്ജവും ഏറ്റുവാങ്ങിയ തൊഴിലാളി-കര്‍ഷകസമരങ്ങള്‍ ലോകത്തിന്റെ ഭൂപടത്തിന് മുകളില്‍ തിളക്കമാര്‍ന്ന ഒരു നക്ഷത്രമാക്കി കേരളത്തെ മാറ്റി. ഐക്യകേരളത്തിലെ ആദ്യകമ്യൂണിസ്റ്റ് ഗവണ്‍മെന്റ് നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങളാണ് നവോത്ഥാന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വഴിയൊരുക്കിയത്. സാമൂഹ്യജീവിത്തിനുമേല്‍ മതത്തിനും ജാതിക്കുമപ്പുറമുള്ള ആകാശം പണിതെടുത്തത് നമുക്ക് ഏറെ അഭിമാനിക്കുന്ന ഒന്നായിരുന്നു.
എന്നാല്‍, ഇന്ന് ആഗോളവത്ക്കരണത്തിന്റെ ബൗദ്ധികമണ്ഡലം നാം ആര്‍ജ്ജിച്ച സകല മൂല്യങ്ങളെയും തരിശാക്കിക്കൊണ്ടാണ് കുതിക്കുന്നത്. തന്നില്‍നിന്ന് സമൂഹത്തിലേക്ക് വികസിച്ച മനുഷ്യരെയത്രയും സ്വന്തം കാര്യത്തിലേക്ക് തിരിച്ചെത്തിക്കാനും സാമൂഹ്യനിരപേക്ഷവും യുക്തിരഹിതവുമായ ആള്‍ക്കൂട്ടങ്ങള്‍ മാത്രമായി ചുരുക്കാനുമാണ് സാംസ്‌കാരിക അധിനിവേശം ശ്രമിക്കുന്നത്. അരാഷ്ട്രീയതയാണ് അതിന്റെ മുദ്രാവാക്യം. രാഷ്ട്രീയത്തെ അവിശ്വസിക്കുതോടൊപ്പം ''ഈ നാട് നന്നാവില്ല'' എന്നൊരു പൊതുമുദ്രാവാക്യത്തിന് അനുയോജ്യമായ ആശയപ്രചരണങ്ങള്‍ വ്യാപകമായി സംഘടിപ്പിക്കപ്പെടുന്നു. വലതുപക്ഷമാധ്യമങ്ങള്‍ അത്തരമൊരു ധര്‍മ്മമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇടതുപക്ഷ പുരോഗമനശക്തികള്‍ക്കെതിരായ വാര്‍ത്തകളിലൂടെ മാത്രമല്ല ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ കെട്ടുറപ്പിന് സഹായകരമാകുന്ന സകലമൂല്യങ്ങളേയും പൊളിച്ചെഴുതിയാണ് ഇത് പ്രകടിപ്പിക്കുന്നത്. സാമൂഹ്യവൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ഭരണവര്‍ഗ്ഗവിരുദ്ധമായി മാറാതിരിക്കാനുള്ള ജാഗ്രതയാണ് മതവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നതിനുപിന്നില്‍. മതവത്ക്കരണം വ്യവസായമതമായി തീരുകയും മതംതന്നെ ചരക്കായി മാറുകയും ചെയ്യുന്നു. ആള്‍ദൈവങ്ങള്‍ അടക്കമുള്ള ആത്മീയവ്യവസായങ്ങള്‍ കൂണുപോലെ മുളച്ചു പൊന്തുകയാണ്. മതസാമൂദായികവത്ക്കരണം മതസമുദായിക പോലീസിനേയും സൃഷ്ടിക്കുന്നു. അതിന്റെ ഭാഗമായി ഭ്രഷ്ട്, ഊരുവിലക്ക്, തുടങ്ങിയ സമ്പ്രദായങ്ങള്‍ തിരിച്ചുകൊണ്ടുവരുന്നു. മിശ്രവിവാഹിതര്‍ക്കെതിരെയുള്ള മതസാമൂദായിക ശക്തികളുടെ ഇടപെടല്‍ നിസ്സാരമല്ല. ഒടുവില്‍ ലവ് ജിഹാദ് വരെ എത്തിയ അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ ആരോപണങ്ങള്‍ മിശ്രവിവാഹത്തിനെതിരെയുള്ള ഫാസിസ്റ്റ് തീവ്രവാദഅക്രമണം തന്നെയാണ്.
ഇത്തരമൊരു പശ്ചാത്തലത്തില്‍ പുരോഗമനയുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐയ്ക്ക് വര്‍ദ്ധിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടതായിട്ടുണ്ട്. നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനും ഫാസിസ്റ്റ് തീവ്രവാദആശയങ്ങള്‍ക്കുമെതിരായ പ്രചരണം നാം തവണ ഏറ്റെടുത്തിരുന്നു. രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം ഈശ്രേണിയിലെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റമായിരുന്നു. ഫാസിസത്തിന് ബദല്‍ ജനാധിപത്യമാണെന്നും, മതത്തിന് ഭീകരതയില്ല; ഭീകരതയ്ക്ക് മതവും എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് നാം നടത്തിയ പോരാട്ടങ്ങളും അംഗീകരിക്കപ്പെട്ടതാണ്.
സാമൂഹ്യജീവിതത്തിന്റെ സുരക്ഷിതത്വത്തിനും ചലനാത്മകതയ്ക്കുമുതകുംവിധം നാം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് വേണ്ടവിധം പ്രധാന്യം നല്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകാത്തസാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയിലെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിമാത്രമേ നമുക്ക് മുന്നോട്ടുപോകാനാവൂ. മതമൗലികവാദം, മതഭീകരത, ജാതിസ്പര്‍ദ്ദ, അന്ധവിശ്വാസങ്ങള്‍-അനാചാരങ്ങള്‍, അരാഷ്ട്രീയത, മാഫിയാവത്ക്കരണം, ആള്‍ദൈവങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാമെതിരെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വികേന്ദ്രീകൃതവും അതോടൊപ്പം നിരന്തരവുമായി സംഘടിപ്പിക്കണം. സാമൂഹ്യജീവിതത്തിന്റെ ബഹുസ്വരതയും മതേതരത്വവും ജനാധിപത്യപരവുമായ വീക്ഷണങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി നവോത്ഥാനമൂല്യങ്ങളില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട് ശക്തമായ പ്രചാരണപ്രക്ഷോഭ പരിപാടികള്‍ വിവിധ വിഭാഗങ്ങളില്‍ അണിനിരത്തി നിരന്തരമായി ഏറ്റെടുക്കാന്‍ ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

1 comment:

  1. നവോത്ഥാന പരമ്പര്യമുള്ള പത്രങ്ങള്‍ നമുക്കിന്നു നല്‍കുന്നത് പരസ്യങ്ങളുടെ
    ഉത്ഥാനവും ഫ്യൂഡല്‍ മൂല്യങ്ങളുടെ പുനരുത്ഥാനവുമാണ്.കാര്‍ട്ടൂണുകളിലും
    തലവാചകങ്ങളിലും ഒളിഞ്ഞുകിടക്കന്നത് ഫ്യുഡല്‍ മൂല്യങ്ങളും പരസ്യോന്മുഖതയുമാണ്.പത്രങ്ങളുടെ ഇന്‍ട്രോകളും തലക്കെട്ടും ജനത്തിന്റെ
    മനോഘടന നിശ്ചയിക്കുന്നിടത്തോളം ഇതിനെ മറികടക്കാന്‍ മുക്കാവണം.ആശയപ്രചരണത്തിന്റെ പുത്തന്‍ രീതികള്‍ കണ്ടെത്തേണ്ടിവരും.

    ReplyDelete