പൊതുമേഖലയിലെ അടച്ചുപൂട്ടിയ വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ പുനരാരംഭിക്കുക.


കേന്ദ്രത്തില്‍ അധികാരം കൈയാളുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ പ്രതിരോധ വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയുണ്ടായി. 2008 ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നടപടി കൈക്കൊണ്ടത്. രാജ്യത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെയാകെ ഉലച്ച നടപടിയായിരുന്നു അത്.
പ്രതിവര്‍ഷം 20 ദശലക്ഷം കുഞ്ഞുങ്ങള്‍ നമ്മുടെ രാജ്യത്ത് ജനിക്കുന്നു എന്നാണ് കണക്ക്. ആരോഗ്യമുള്ള ഭാവി തലമുറയെ സൃഷ്ടിക്കുന്നതില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. കേരളത്തിന്റെ അനുഭവം ഇതിനുള്ള സാക്ഷ്യപത്രമാണ്. വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം തുടങ്ങിയ ആറ് മാരകരോഗങ്ങള്‍ക്കെതിരെ കുട്ടികളില്‍ സൗജന്യപ്രതിരോധകുത്തിവയ്പ് ഫലപ്രദമായി നടത്തുന്ന സംസ്ഥാനമാണ് കേരളം.
മുന്‍കാലങ്ങളിലെ കേന്ദ്രസര്‍ക്കാരുകളാകട്ടെ യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പദ്ധതി (യു ഐ പി)യും നടപ്പിലാക്കുകയുണ്ടായി. ഇതിനെയെല്ലാം അവതാളത്തിലാക്കുന്ന വിധത്തിലാണ് വാക്‌സിന്‍ ഉത്പാദന കമ്പനികള്‍ യു പി എ സര്‍ക്കാര്‍ അടച്ചു പൂട്ടിയത്. പൊതുമേഖലയിലെ ഈ കമ്പനികള്‍ പൂട്ടിയതോടെ, പ്രതിരോധമരുന്നുകള്‍ക്ക് സ്വകാര്യകമ്പനികളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു. ഇവിടെയാണ് കേന്ദ്രസര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ കച്ചവടക്കണ്ണ് വെളിപ്പെടുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിരോധവാക്‌സിനുകളുടെ വിപണിരംഗം കൈയടക്കിയിരിക്കുന്നത്, 2008 ല്‍ പൊതുമേഖലാ വാക്‌സിന്‍ നിര്‍മ്മാണകമ്പനികള്‍ അടച്ചുപൂട്ടുന്നതിന് ഉത്തരവിട്ട അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ മകന് പങ്കാളിത്തമുള്ള ബഹുരാഷ്ട്രക്കുത്തകകമ്പനിയാണ്.
പൊതുമേഖലാകമ്പനികള്‍ അടച്ചുപൂട്ടിയപ്പോള്‍ വാക്‌സിനുകള്‍ക്ക് കടുത്തക്ഷാമം അനുഭവപ്പെടുന്നു എന്നു മാത്രമല്ല വിലക്കയറ്റവും അനുഭവപ്പെടാന്‍ തുടങ്ങി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിരോധവാക്‌സിന്‍ കുത്തിവെയ്പ്പുകള്‍ അസാധ്യമാണെന്ന് വന്നിരിക്കുന്നു. ഇത് വളരെ ഗുരുതരമായ ആരോഗ്യ-സാമൂഹ്യ പ്രശ്‌നങ്ങള്‍ ഭാവിയില്‍ സൃഷ്ടിക്കും. ലോകാരോഗ്യസംഘടനയും മറ്റ് ഏജന്‍സികളും ആഹ്വാനം ചെയ്യുന്ന പോളിയോ നിര്‍മ്മാര്‍ജ്ജനപരിപാടി മുതലായവ ഭാവിയില്‍ കേവലം ചടങ്ങായി മാറും. രോഗം വരാതിരിക്കാനാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. എന്നാല്‍ ആ കാഴ്ചപ്പാടിനെ അവതാളത്തിലാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഫലത്തില്‍ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെക്കാള്‍ കുത്തകകളുടെ ലാഭം വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ താത്പര്യം കാട്ടുന്നത്.
ആരോഗ്യമുള്ള ഭാവിതലമുറ എന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാനായി, അടച്ചുപൂട്ടിയ പൊതുമേഖലാവാക്‌സിന്‍ നിര്‍മ്മാണക്കമ്പനികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് ഡിവൈഎഫ്‌ഐ പതിനൊന്നാം കേരളസംസ്ഥാനസമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

No comments:

Post a Comment