മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക.


വിവധമതങ്ങളും ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ട സാമൂഹ്യഘടനയോടുകൂടിയ വര്‍ഗസമൂഹമാണ് ഇന്ത്യയുടെ സവിശേഷത. ജാതിപരവും മതപരവുമായ അസമത്വത്തിന്റെചരിത്രം നമ്മുടെ സമൂഹത്തില്‍ നിലനിന്നിട്ടുള്ളതാണ്. ഇന്ത്യന്‍സാഹചര്യത്തില്‍ സാമൂഹ്യനീതിയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ജാതി-മത വിവേചനം കേന്ദ്രബിന്ദുവാകുന്നത് അതുകൊണ്ടാണ്. ജാതി-മത വ്യവസ്ഥയുടെ പേരില്‍ എല്ലാരൂപങ്ങളിലുമുള്ള സാമൂഹ്യമായ വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ, അവ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുവേണ്ടി സമരം ചെയ്യുക എന്നത് ഏതൊരു ജനാധിപത്യപ്രസ്ഥാനത്തിന്റേയും കടമയാണ്.
ഈ പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ സംവരണത്തിനുള്ള വ്യവസ്ഥ ഭരണഘടനാപരമായി തന്നെ ഏര്‍പ്പാട് ചെയ്തിട്ടുള്ളത്. ജാതി-മത വ്യവസ്ഥയുടെയും നാടുവാഴിത്ത സമ്പ്രദായത്തിന്റെയും ഭാഗമായ ചട്ടങ്ങളുടെ പേരില്‍ പിന്നാക്കം തള്ളപ്പെട്ടവരും ദളിതരുമായവരുടെ ജീവിതപരിത:സ്ഥിതിയിലും സാമൂഹ്യപദവിയിലും മറ്റും സര്‍വതോമുഖമായ പുരോഗതിയുണ്ടാക്കുന്നതിനാണ് സംവരണം കൊണ്ട് ലക്ഷ്യം വെച്ചത്. ദളിതരടക്കമുള്ള, സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ട ജാതി-മത വിഭാഗങ്ങളില്‍ പെട്ടവരനുഭവിക്കുന്ന വിവേചനത്തിനെതിരായ സമരത്തിന്റെ ഒരു ഉപാധി എന്ന നിലയിലാണ് സംവരണത്തെ കണ്ടത്. ജാതീയവും മതപരവുമായ വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമായിട്ടുള്ള ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആശ്വാസവും സംരക്ഷണവും എന്നനിലയില്‍ അവര്‍ക്ക് നിലവിലുള്ള സംവരണ സമ്പ്രദായം ചിട്ടയോട് കൂടി തുടരണം എന്ന ആവശ്യം ഡിവൈഎഫ്‌ഐ ഉയര്‍ത്തിപ്പിടിക്കുന്നു.
എന്നാല്‍ അതേ അവസരത്തില്‍ തന്നെ മുന്നാക്കജാതിമത വിഭാഗങ്ങളില്‍പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ മൗലികപ്രശ്‌നം കാണാതെ പോകാന്‍ മുന്നാക്ക ജാതിയില്‍ ജനിച്ചുപോയി എന്ന കാരണത്താല്‍ മാത്രം ഉന്നതവിദ്യാഭ്യാസയോഗ്യതയും മറ്റുമുള്ള, എന്നാല്‍ സാമ്പത്തികമായ ആവശത അനുഭവിക്കുന്നവര്‍ ഒരു സാമൂഹ്യയാഥാര്‍ത്ഥ്യമാണ്.
സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനങ്ങളുടെ ഫലമായി മുന്നാക്ക ജാതി-മതവിഭാഗങ്ങളില്‍പെട്ട പലരും സാമ്പത്തികമായി പിന്നാക്കം തള്ളപ്പെട്ടു എന്നത് നഗ്നസത്യമാണ്. പ്രശ്‌നത്തിന്റെ അടിവേരുകള്‍ കിടക്കുന്നത് ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിലാണ്. സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരത്തില്‍ ഈ വിഭാഗത്തിന്റെ പ്രശ്‌നങ്ങളെയും പരിഗണിക്കേണ്ടതാണ്.
സാമൂഹ്യനീതിയുടെ ആ രാഷ്ട്രീയബോധത്തില്‍ നിന്നാണ് കേരളത്തിലെ ഇപ്പോഴത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയവിദ്യാഭ്യാസ നിയമത്തില്‍ മുന്നാക്കവിഭാഗങ്ങളില്‍ പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം വരെ സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്തത്. തികച്ചും ശുഭോദര്‍ക്കമായ നടപടിയാണത്.
ആ മാതൃക പിന്തുടര്‍ന്നുകൊണ്ട് ദളിത് പിന്നാക്കവിഭാഗങ്ങളുടെ സംവരണക്വാട്ടയെ ബാധിക്കാത്തവിധത്തില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍-വിദ്യാഭ്യാസമേഖലകളില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ആവശ്യമായ ഭരണഘടനാഭേദഗതി ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകണമെന്ന് ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

No comments:

Post a Comment