ഡല്‍ഹിയിലെ സ്വകാര്യനേഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക


ഡല്‍ഹിയില്‍ വിവിധ സ്വകാര്യആശുപത്രികളില്‍ വര്‍ഷങ്ങളായി ജോലിചെയ്തുവരുന്ന നേഴ്‌സുമാര്‍ അവരുടെ സേവന-വേതന വ്യവസ്ഥകള്‍ക്കായി തീഷ്ണമായ സമരത്തിലാണ്. ആകെ വരുന്ന സ്വകാര്യനേഴ്‌സുമാരില്‍ 85% മലയാളികളാണ്. ഡല്‍ഹിയില്‍ ഏകദേശം ആറുലക്ഷത്തോളം വരുന്ന മലയാളി നേഴ്‌സുമാരാണുള്ളത്. തൊഴില്‍പരമായ കടുത്ത ചൂഷണത്തിന് വിധേയരാവുന്ന ഇവര്‍ ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ ആഴ്ചകളായി സമരം തുടരുകയാണ്. കടുത്ത പീഡനം സഹിച്ച് ജോലിചെയ്യുന്ന ഇവരുടെ സ്ഥിതി പരിതാപകരമാണ്. 8 മണിക്കൂര്‍ ജോലി ചെയ്യുന്ന ഡല്‍ഹിയിലെ സര്‍ക്കാര്‍ നേഴ്‌സുമാര്‍ 3000040000 ശമ്പളം വാങ്ങുമ്പോള്‍ വിശ്രമരഹിതമായി ഒട്ടേറെ ക്ലേശങ്ങള്‍ സഹിച്ച് സമയപരിധിയില്ലാതെ ജോലിചെയ്യുന്ന സ്വകാര്യനഴ്‌സുമാര്‍ക്ക് കേവലം 3500-6200 മാത്രമാണ് ശമ്പളം ലഭിക്കുന്നത്. ഇവര്‍ക്ക് പി എഫ് അടക്കം മറ്റ് യാതൊരു ആനുകൂല്യങ്ങളുമില്ല. മെച്ചപ്പെട്ട താമസസൗകര്യങ്ങളില്ല. അവധിപോലും അനുവദിക്കില്ല. 3 വര്‍ഷം നിര്‍ബ്ബന്ധമായും ബോണ്ട്‌ചെയ്യേണ്ടിവരുന്നതിനാല്‍ വിദേശത്തടക്കം നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ പോകാനുമാവില്ല. അഥവാ ബോണ്ട് ബ്രേക്ക് ചെയ്യണമെങ്കില്‍ 50000 രൂപ അടക്കേണ്ട സ്ഥിതിവരുന്നു. എന്നാല്‍ ഡല്‍ഹിയിലെ ഭരണാധികാരികള്‍ ഈ സമരത്തിന് കണ്ടില്ലെന്നുനടിയ്ക്കുകയാണ്. സേവന-വേതനവ്യവസ്ഥകള്‍ അനുവദിച്ചുകിട്ടാന്‍ ഡല്‍ഹിയിലെ സ്വകാര്യനേഴ്‌സുമാര്‍ നടത്തുന്ന സമരത്തോട് ഡിവൈഎഫ്‌ഐ സംസ്ഥാനസമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സമരത്തിന് ആധാരമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് ഡിവൈഎഫ്‌ഐ പതിനൊന്നാംസംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

No comments:

Post a Comment