മാഫിയകളെ ഒറ്റപ്പെടുത്തി മണല്‍ ലഭ്യത ഉറപ്പാക്കുകകെട്ടിട നിര്‍മ്മാണത്തിനാവശ്യമായ മണല്‍ ലഭ്യത ഇന്ന് കേരളത്തിലെ നിര്‍മ്മാണമേഖലയിലെ ഒരു മുഖ്യപ്രശ്‌നമാണ്. ആവശ്യത്തിന് മണല്‍ ലഭിക്കുന്നില്ല എന്നത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലഭ്യമാകുന്ന മണലാകട്ടെ മണല്‍ മാഫിയകള്‍ വഴിമാത്രമേ ഉപഭോക്താവിന് ലഭ്യമാകൂ എന്നതിനാല്‍ വലിയ വില കൊടുക്കേണ്ടിയും വരുന്നു.
പുഴമണലും ക്രഷര്‍ മണലുമാണ് കെട്ടിടനിര്‍മ്മാണത്തിന് സാധാരണയായി കേരളത്തില്‍ ഉപയോഗിക്കുന്നത്. ഇവയുടെ ലഭ്യതക്കുറവ് വലിയ നിര്‍മ്മാണപദ്ധതികളെ അവതാളത്തിലാക്കുകയും സാധാരണക്കാര്‍ക്ക് വീടെന്ന സ്വപ്നത്തെ ചെലവേറിയതാക്കുകയും ചെയ്യുന്നു.
കേരളത്തിലെ വിവിധ ജില്ലകളില്‍ മണല്‍ലഭിക്കുന്ന വ്യത്യസ്ത രീതികളാണുള്ളത്. ഏത് രീതിയിലും ആധിപത്യം നേടാന്‍ കഴിയുംവിധത്തില്‍ മാഫിയകള്‍ ഈ മേഖലയില്‍ ശക്തമാണ്.. പലയിടത്തും ഉദ്യോഗസ്ഥ-മാഫിയ കൂട്ടുകെട്ട് ഈ മേഖലയിലെ അഴിമതിയേയും ഗുണ്ടായിസത്തേയും സ്ഥാപനവല്‍ക്കരിച്ചിരിക്കുകയാണ്.
ഇ എം എസ് ഭവനപദ്ധതിയില്‍ വീട് വെയ്ക്കാനിരിക്കുന്ന കേരളത്തിലെ സാധാരണക്കാര്‍ക്ക് മണലിന്റെ ലഭ്യതക്കുറവും വിലക്കയറ്റവും വലിയ ഇരുട്ടടിയായിരിക്കുകയാണ്. ആകെ ലഭിക്കുന്ന സംഖ്യയുടെ 30-40% മണലിനുവേണ്ടി ചെലവാക്കേണ്ട അവസ്ഥയാണ് അവര്‍ക്കുള്ളത്.

No comments:

Post a Comment