ഉദ്യോഗസ്ഥനിയമനം പി എസ് സിയ്ക്ക് വിടുക


Justify Full
കേരളത്തിലെ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ തുടങ്ങി സര്‍ക്കാര്‍ ധനസഹായമുള്ള എല്ലാ പൊതുസ്ഥാപനങ്ങളിലേയും നിയമനം പി എസ് സിയ്ക്ക് വിടണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നു.
എയിഡഡ് സ്‌കൂളുകള്‍ കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍, കോടതികള്‍ ഉള്‍പ്പെടുയുള്ള പൊതുസ്ഥാപനങ്ങള്‍ ഇവയെല്ലാം സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിക്കുന്നവയാണെങ്കിലും ഇവിടങ്ങളിലെ നിയമനങ്ങള്‍ പി എസ് സിയ്ക്ക് വിട്ടുനല്കിയിട്ടില്ല. പലസ്ഥാപനങ്ങളിലേയും നിയമനരീതി ഇപ്പോഴും സുതാര്യവുമല്ല.
ഹൈക്കോടതിയിലെ ജീവനക്കാരേയും മുന്‍സിഫ് മജിസ്‌ട്രേറ്റ്മാരേയും നേരിട്ട് നിയമിക്കുന്നരീതിയാണ് തുടരുന്നത്. സംവരണംപോലും ഇവിടെ പാലിക്കപ്പെടുന്നില്ല. പി എസ് സിയെ മറികടന്നുള്ള പിന്‍വാതില്‍ നിയമനങ്ങളും കരാര്‍ നിയമനങ്ങളും അഭിലക്ഷണീയമല്ല. ഇത് ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരോടുള്ള കടുത്ത വഞ്ചനയാണ്.
കോടിക്കണക്കിന് പൊതുപണം ചിലവഴിക്കപ്പെടുന്ന എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും ലക്ഷങ്ങള്‍വാങ്ങി മെറിറ്റുപോലും പാലിക്കാതെ മാനേജുമെന്റുകള്‍തന്നെ നിയമനം നടത്തുന്നരീതി തുടരുകയാണ്. ഇക്കാര്യത്തില്‍ കച്ചവടതാത്പര്യമുള്ള മാനേജുമെന്റുകളുടേയും സമുദായസംഘടനകളുടേയും സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങുന്ന വലതുപക്ഷസര്‍ക്കാരുകളുടെ സമീപനത്തില്‍നിന്നും വ്യത്യസ്തമായ സമീപനം എല്‍ ഡി എഫ് സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി നിയമനങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ പി എസ് സി യുവജനസമൂഹത്തിന്റെ വിശ്വാസമാര്‍ജ്ജിച്ചിട്ടുണ്ട്. യു ഡി എഫ് അധികാരത്തിലിരുന്നകാലത്തെ നിയമനനിരോധനം നീക്കി കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയ ഇടതുപക്ഷസര്‍ക്കാരിനെ അഭിനന്ദിക്കുമ്പോള്‍തന്നെ ഇടതുപക്ഷസര്‍ക്കാരില്‍നിന്നും യുവജനസമൂഹം ആഗ്രഹിക്കുന്നവിധത്തില്‍ എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍, കോടതികള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന ഏറെ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ നിയമനങ്ങള്‍ പി എസ് സി ക്കുവിടണമെന്ന് ഡിവൈഎഫ്‌ഐ പതിനൊന്നാംസമ്മേളനം ആവശ്യപ്പെടുന്നു.

No comments:

Post a Comment