വിദ്യാഭാസത്തിന്റെ മെറിറ്റും ഗുണമേന്മയും സാമൂഹ്യനീതിയും സംരക്ഷിക്കുന്ന കേരളസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ശക്തിപകരുക.സേവനമേഖലയില്‍ യഥേഷ്ടമായ മൂലധനനിക്ഷേപത്തിന് അവസരം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നയം പിന്‍തുടര്‍ന്ന് വിദ്യാഭ്യാസകച്ചവടക്കാര്‍ക്കും, പിന്തിരിപ്പന്‍ ശക്തികള്‍ക്കും വിദ്യാഭ്യാസമേഖലയാകെ നിര്‍ബാധം തുറന്ന് കൊടുക്കുന്ന കാലഘട്ടമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് ഭരണകാലം. പണമില്ലാത്തവര്‍ പാഠശാലയില്‍ നിന്ന് പറിച്ചെറിയപ്പെട്ടപ്പോള്‍, രജനി.എസ്.ആനന്ദ് മുതല്‍ ഫാസില വരെ നിരവധി വിദ്യാര്‍ത്ഥികളുടെ ആത്മഹത്യക്ക് കേരളം സാക്ഷിയായി, മെറിറ്റ് അട്ടിമറിക്കപ്പെട്ടു, നിയന്ത്രണങ്ങളില്ലാത്ത സ്വയംഭരണകേന്ദ്രങ്ങളായി സ്വാശ്രയസ്ഥാപനങ്ങള്‍ മാറി. എസ്.എസ്.എല്‍.സി പരീക്ഷയുടേതുള്‍പ്പെടെ ചോദ്യപേപ്പറുകള്‍ തെരുവില്‍ വില്‍പ്പനച്ചരക്കായി മാറി, പൊതുവിദ്യാലയങ്ങള്‍ ലാഭകരമല്ലെന്ന് പറഞ്ഞ് അടച്ചുപൂട്ടി സ്വകാര്യകച്ചവടത്തിന് അവസരമൊരുക്കി, പ്രതിഷേധിച്ചവരെയൊക്കെ ക്രൂരമര്‍ദ്ദനത്തിന് വിധേയരാക്കി തെരുവില്‍ വേട്ടയാടി ജയിലിലടച്ചു. ഇതായിരുന്നു യു.ഡി.എഫ് ഭരണകാലത്തെ വിദ്യാഭ്യാസത്തിന്റെ നേര്‍ക്കാഴ്ച.
ലോകത്തിനാകെ മാതൃകയായ കേരളീയവിദ്യാഭ്യാസമേഖലയെ പുനഃക്രമീകരിക്കുക എന്ന വലിയ കടമ ഏറ്റെടുത്തുകൊണ്ടാണ് കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.തുടര്‍ന്ന് ദിശാബോധത്തോടെ വിദ്യാഭ്യാസമേഖലയില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് സാധിച്ചു. ഇതിന്റെ ആദ്യചുവടുവെപ്പായിരുന്നു സ്വാശ്രയനിയമം. അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമം അവതരിപ്പിക്കപ്പെട്ടു. പക്ഷേ, മതത്തിന്റെ മേലങ്കിയണിഞ്ഞ വിദ്യാഭ്യാസകച്ചവടക്കാരും കോടതിയും നിയമതത്തെ അട്ടിമറിച്ചു. കേരളത്തിലെ സര്‍ക്കാരിനെയും യൂണിേവഴ്‌സിറ്റികളെയും വെല്ലുവിളിച്ച് മെറിറ്റും സാമൂഹ്യനീതിയും കാറ്റില്‍പറത്തി പോകുന്ന സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സമഗ്രമായ കേന്ദ്രനിയമം മാത്രമാണ് പോംവഴി.
ഹയര്‍സെക്കന്ററി മേഖലയില്‍ അഡ്മിഷന്‍രംഗത്ത് നിലനിന്നിരുന്ന അരാജകത്വം പരിഹരിക്കുന്നതിനുള്ള ധീരമായ നിലപാടായിരുന്നു ഏകജാലകസംവിധാനം. കേരളീയസമൂഹത്തിന്റെവലിയ അംഗീകാരം നേടിയെടുക്കുന്നതിനും ഇതിലൂടെ വിദ്യാഭ്യാസവകുപ്പിന് സാധിച്ചു.
പൊതുപരീക്ഷകളില്‍ പരാജയത്തിന്റെ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങളെ ചിത്രീകരിച്ച് സ്വകാര്യസ്ഥാപനങ്ങളെയും വിദ്യാഭ്യാസകച്ചവടക്കാരെയും സഹായിക്കുന്നനിലപാടായിരുന്നു യുഡിഎഫ് സ്വീകരിച്ചതെങ്കില്‍, പൊതുവിദ്യാലയങ്ങളെ ജനകീയ ഇടപെടലുകളിലൂടെ കൈപിടിച്ചുയര്‍ത്തി നൂറ്‌മേനി വിജയത്തിലെത്തിക്കുന്നതിന് എല്‍ഡിഎഫ് ഗവണ്മെന്റ് നേതൃത്വം നല്‍കി. ഇതിന്റെ പ്രതിഫലനമായിരുന്നു കേരളത്തില്‍ പടിപടിയായി ഉയര്‍ന്ന് വന്ന എസ്എസ്എല്‍സി വിജയശതമാനം. പാഠ്യപദ്ധതി പരിഷ്‌കരണവും അദ്ധ്യാപകപരിശീലനവും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിച്ചു. പതിറ്റാണ്ടുകളായി തുടരുന്ന ഡിഗ്രിതല വിദ്യാഭ്യാസത്തിന്റെ പരിഷ്‌ക്കരണത്തിലൂടെ പുതിയ പാഠ്യപദ്ധതിക്കനുസരിച്ച് ഡിഗ്രികോഴ്‌സുകള്‍ പുനഃസംഘാടനം നടത്തുന്നതിന് നടപടി സ്വീകരിക്കുന്നതിന് ഗവണ്മെന്റിന് സാധിച്ചു.
എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റും ഹോസ്റ്റല്‍ അലവന്‍സും വര്‍ദ്ധിപ്പിച്ചതും സുതാര്യമായി ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാനാവശ്യമായ നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമാണ്.
ചരിത്ത്രില്‍ ആദ്യമായി എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വയനാട്ടില്‍ പി.കെ.കാളന്‍ മെമ്മോറിയല്‍ കോളേജ് സ്ഥാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ മത്സരാധിഷ്ഠിത കാലഘട്ടത്തില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കൊഴിഞ്ഞ് പോയി അവസരം നിഷേധിക്കപ്പെട്ട ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ അവകാശപ്പെട്ട 37 എംബിബിഎസ് സീറ്റുകളില്‍ പ്രവേശനം നല്‍കിയത് വിദ്യാഭ്യാസവകുപ്പിന്റെ ഏറ്റവും പുരോഗമനപരമായ നിലപാടായിരുന്നു.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ 9823 ഉം കോളേജുകളില്‍ 1008 ഉം പുതിയ നിയമനം നടത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചു.
ഇങ്ങനെ കേരളീയ വിദ്യാഭ്യാസത്തിന്റെ മെറിറ്റും സാമൂഹ്യനീതിയും ഗുണമേന്മയും സംരക്ഷിക്കാന്‍ ഒട്ടേറെ നടപടി സ്വീകരിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന കേരളത്തിലെ വിദ്യാഭ്യാസവകുപ്പിനെ പ്രതിലോമകാരികളും , വിദ്യാഭ്യാസക്കച്ചവടക്കാരും , മതസാമുദായിക പിന്തിരപ്പന്‍ ശക്തികളും , വലതുപക്ഷമാധ്യമങ്ങളും , യുഡിഎഫ് നൊപ്പം ചേര്‍ന്ന് സംഘടിതമായി അപകീര്‍ത്തിപ്പെടുത്തുന്നതിനും പൊതുസമൂഹത്തിന്റെ മുന്നില്‍ അവമതിപ്പ് വരുത്തുന്നതിനും ബോധപൂര്‍വ്വമായി ശ്രമിക്കുമ്പോള്‍ കേരളീയവിദ്യാഭ്യാസത്തിന്റെ പുരോഗമന ഉള്ളടക്കം നിലനിര്‍ത്താന്‍ എല്‍. ഡി.എഫ് സര്‍ക്കാരിനും വിദ്യാഭ്യാസവകുപ്പിനും കേരളത്തിലെ സമരയൗവ്വനത്തിന്റെ പതിനൊന്നാം സംസ്ഥാനസമ്മേളനം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.

No comments:

Post a Comment